മുംബൈ: നടി ശ്രീദേവിയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമ പ്രദർശിപ്പിക്കാൻ തയ്യാറെടുത്ത് ചൈന. ശ്രീദേവിയുടെ അഞ്ചാം ചരമവാർഷിക ദിനമായ ഫെബ്രുവരി 24 ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.ചൈനയിൽ 6,000 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇറോസ് ഇന്റർനാഷണൽ പറയുന്നത്.
ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഹാസ്യ ചലച്ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. മധുരപലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഒരു ചെറിയ സംരംഭകയായ ശശി എന്നു പേരുള്ള സ്ത്രീയെ ചുറ്റിപ്പറ്റിയാണ് കഥ. ചിത്രത്തിൽ ശശി ഗോഡ്ബോലെ എന്ന കേന്ദ്രകഥാപാത്രത്തെ ആണ് ശ്രീദേവി അവതരിപ്പിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ പരിമിത ജ്ഞാനം മാത്രമെ ശശിക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിനെത്തുടർന്ന് ഭർത്താവിനും മകൾക്കും ശശിയോട് പരിഹാസമായിരുന്നു.
ഈ പരിഹാസമനോഭാവം മാറ്റിയെടുക്കുന്നതിനും സ്വയം ആദരവ് നേടുന്നതിനും വേണ്ടി ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലനം നേടുന്ന കോഴ്സിൽ ശശി ചേരുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ നർമ്മരൂപേണ അവതരിപ്പിച്ചിരിക്കുന്നത്.മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 2012 ലെ അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്.
സുഗന്ധവ്യഞ്ജന വ്യവസായം നടത്തിയിരുന്ന ഷിൻഡെയുടെ അമ്മയിൽ നിന്നാണ് ഈ കഥയ്ക്ക് പ്രചോദനമായത്.”അന്തരിച്ച ബോളിവുഡ് സൂപ്പർസ്റ്റാർ ശ്രീദേവിയുടെ ഏറ്റവും അവിസ്മരണീയമായ പ്രകടനങ്ങളിലൊന്നാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. ഈ മാസ്റ്റർപീസ് കാണുന്നതിനായി ചൈനയിലെ പ്രേക്ഷകർ ആവേശത്തിലാണ്,” ഇറോസ് ഇന്റർനാഷണലിന്റെ സിഒഒ കുമാർ അഹൂജ പ്രസ്താവനയിൽ പറഞ്ഞു.
ദുബായിലെ ഒരു ഹോട്ടലിലെ ബാത്ത് ടബ്ബിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു മരണവാർത്തായായിരുന്നു അത്. 300 ലധികം സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. അഭിനയമികവിന്റെ അടിസ്ഥാനത്തിൽ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന പദവിയും ശ്രീദേവി സ്വന്തമാക്കിയിരുന്നു.













Discussion about this post