വാഷിംഗ്ടൺ: കാരലൈന തീരത്ത് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടേത് വളരെ ക്രൂരമായ പ്രവർത്തിയാണെന്നും, അവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ” അമേരിക്കയിൽ ചാരപ്പണി ചെയ്യുക എന്നത് ചൈനയിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന ഒരു കാര്യമാണ്. ബലൂണിന്റെ കാര്യം അവർ നിഷേധിച്ചിട്ടില്ല. ചൈനയെ വിശ്വസിക്കുക എന്നതിനപ്പുറം, എവിടെയാണ് ചൈനയുമായി ചേർന്ന് പ്രവർത്തിക്കേണ്ടത്, എവിടെയാണ് എതിർക്കപ്പെടേണ്ടത് എന്ന് ചിന്തിക്കേണ്ട സമയമാണ്.
യുഎസ്-ചൈന ബന്ധത്തെ ഇത് ഒരു രീതിയിലും ബാധിക്കാൻ പോകുന്നില്ല. ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അമേരിക്കയോട് വ്യക്തമാക്കിയിട്ടുണ്ട്. അവർ അത് മനസിലാക്കിയിട്ടുമുണ്ട്. അമേരിക്ക ശരിയായ കാര്യമാണ് ചെയ്തത്. ബന്ധങ്ങളെ ദുർബലപ്പെടുത്തിയോ ശക്തിപ്പെടുത്തിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ബലൂൺ വെടിവച്ചിടുക എന്നത് എന്റെ നിർദേശമായിരുന്നു. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് എത്തിയപ്പോൾ തന്നെ ചാരബലൂൺ വെടിവച്ച് വീഴ്ത്തണമെന്ന നിർദ്ദേശം പ്രതിരോധ വകുപ്പിന് നൽകിയിരുന്നു. കരയിൽ വച്ച് വെടിവയ്ക്കരുത് എന്ന നിർദ്ദേശവും നൽകിയിരുന്നുവെന്നും” ജോ ബൈഡൻ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് യുഎസിന്റെ ആകാശത്തേക്ക് വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ കാരലൈന തീരത്ത് യുഎസ് പോർവിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയത്. ആണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമായ മൊണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനവാസമേഖലയിൽ സഞ്ചരിച്ച് കൊണ്ടിരിക്കെ വെടിവച്ച് വീഴ്ത്തിയാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം ഉണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് വെടിവച്ച് വീഴ്ത്തിയത്.











