തിരുവനന്തപുരം: ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ നടപടിയെടുക്കാതെ കാട്ടാക്കട പോലീസ് പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി വീട്ടമ്മ. പരാതിക്കാരിക്കൊപ്പം പഠിച്ചയാളാണ് പ്രതിയായ യുവാവ്. സംഭവത്തിൽ റൂറൽ എസ്പിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഇവർ.
പലയിടങ്ങളിൽ നിന്നായി മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ തുടർച്ചയായി വരാൻ തുടങ്ങിയതോടെയാണ് വീട്ടമ്മയും വിദേശത്തുള്ള ഭർത്താവും കാര്യം അന്വേഷിച്ച് തുടങ്ങിയത്. അശ്ലീല വെബ്‌സൈറ്റിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും തന്റെ ചിത്രവും ഫോൺ നമ്പറും സഹിതം പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിൽ പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോയും നമ്പറുമെല്ലാം ചോർന്നതെന്ന് മനസിലായി.
ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത ചിത്രമാണ് വെബ്‌സൈറ്റിൽ ഉള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങൾ പോലീസിന് കൈമാറി. ഇതിനിടെ പ്രതിയായ യുവാവ് നേരിട്ടെത്തി കുടുംബത്തോട് കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോൾ പ്രതിക്കെതിരെ നടപടിയെടുക്കാതെ, കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചെന്നും യുവതി ആരോപിക്കുന്നു.












