തിരുവനന്തപുരം: ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേ മുക്കാൽ വർഷത്തോളം കുടുംബ സമേതം താമസിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ. ചികിത്സ മയോക്ലിനിക്കിൽ നടത്താതെ പാർട്ടി അനുഭാവിയുടെ റിസോർട്ടിൽ നടത്തിയ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്. അപവാദ പ്രചാരണത്തിനെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കണമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലളിത ജീവിതം, ഉയർന്ന ചിന്ത. അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്.അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും.- ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കൊല്ലത്തെ പാർട്ടി അനുഭാവിയുടെ റിസോർട്ടിൽ ചിന്തയും കുടംബവും താമസിച്ചിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. പ്രതിദിനം 8500 രൂപ വാടക ഈടാക്കുന്ന റിസോർട്ടിൽ ആയിരുന്നു ഒന്നര വർഷത്തിലധികം ചിന്തയുടെയും കുടുംബത്തിന്റെയും താമസം. ഇത്രയും കാലം താമസിക്കാൻ ചുരുങ്ങിയത് 38 ലക്ഷത്തോളം രൂപ ചിലവു വരും. ഈ തുക ചിന്തയ്ക്ക് എങ്ങനെ ലഭിച്ചു എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദം ഉയരുന്നത്. ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം എന്നാണ് ഉയരുന്ന ആവശ്യം. അതേസമയം അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് വേണ്ടിയാണ് റിസോർട്ടിൽ താമസിച്ചത് എന്നാണ് ചിന്ത പറയുന്നത്.
Discussion about this post