ഗുവാഹട്ടി: ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടികളുമായി അസം സർക്കാർ. ശൈശവ വിവാഹങ്ങളുമായി ബന്ധപ്പെട്ട് 60 ഖാസിമാർ ഉൾപ്പെടെ 2,441 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ തിങ്ങി പാർക്കുന്ന മേഖലകളിൽ നിന്നാണ് കൂടുതൽ അറസ്റ്റുകളും.
സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകളിൽ 4,074 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ധുബ്രി, ബാർപെട്ട, ദരാംഗ്, ചിരാംഗ്, ബോംഗായ്ഗാവ്, ഗോല്പാര, നാഗാവ്, മൊരിഗാവ് എന്നിവിടങ്ങളിൽ ശൈശവ വിവാഹങ്ങൾ വ്യാപകമാണെന്ന് പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് നടപടികൾ ശക്തമാക്കിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യുന്നവർക്കും ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്നവർക്കുമെതിരെ ശൈശവ വിവാഹ നിരോധന നിയമം, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ ജനുവരി 23ന് ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും കൗമാര ഗർഭധാരണങ്ങൾ നിയന്ത്രിക്കാനും ശക്തമായ നടപടികൾ കൈക്കൊള്ളാൻ വിവിധ വകുപ്പുകൾക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിർദേശം നൽകിയിരുന്നു.
അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഭൂരിപക്ഷമായ ജില്ലകളിൽ 20 ശതമാനത്തിന് മുകളിലാണ് കൗമാര ഗർഭധാരണ നിരക്ക്. ഇത് സംസ്ഥാനത്തെ മാതൃ- നവജാത ശിശു മരണ നിരക്ക് ഉയരാൻ കാരണമാകുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.
Discussion about this post