വാഷിംഗ്ടൺ: ചാര ബലൂണുമായി ബന്ധപ്പെട്ട് ചൈനയ്ക്കും അമേരിക്കയ്ക്കുമിടയിൽ തർക്കം രൂക്ഷമാകുന്നു. ചൈന തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായാൽ സംരക്ഷിക്കാൻ ഏത് വിധേനെയും അമേരിക്ക ശ്രമിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ലോകത്തിന് നേട്ടമുണ്ടാക്കാനും കഴിയുന്ന ചൈനയുമായി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. എന്നാൽ തെറ്റ് ചെയ്യരുത്: കഴിഞ്ഞ ആഴ്ച ഞങ്ങൾ വ്യക്തമാക്കിയതുപോലെ, ചൈന നമ്മുടെ പരമാധികാരത്തിന് ഭീഷണിയാണെങ്കിൽ, രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കും. എന്നായിരുന്നു ബൈഡന്റെ പരാമർശം.
ഏതാനും ദിവസങ്ങളായി വടക്കേ അമേരിക്കയിൽ പറന്നുനടന്നിരുന്ന ചൈനയുടെ ഭീമൻ ബലൂൺ അമേരിക്ക യുദ്ധവിമാനത്തിൽ നിന്ന് മിസൈൽ അയച്ച് തകർത്തിരുന്നു. ഇത് അംഗീകരിക്കാനാവാത്തതും തങ്ങളുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റവുമാണെന്ന് ചൈന പ്രതികരിച്ചു. സംയമനത്തോടെ പ്രവർത്തിക്കേണ്ടതിനുപകരം അമേരിക്ക ബലം പ്രയോഗിച്ചെന്നും ചൈന ആരോപിച്ചു. എന്നാൽ ചാരബലൂൺ അയച്ചത് തങ്ങളുടെ പരമാധികാരത്ത ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ബലൂൺ തകർത്തത് ആലോചിച്ചു ചെയ്ത നടപടിയാണെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം.
യു.എസ്.-ചൈനാ സംഘർഷത്തിന് അയവുവരുത്താൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെയ്ജിങ്ങിലേക്കു പോകാനിരിക്കെയാണ് ചാരബലൂൺ വിവാദമുടലെടുത്തത്. ഇതോടെ അദ്ദേഹം യാത്ര റദ്ദാക്കി.











