ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. പ്രധാനമന്ത്രി ഋഷി സുനകുമായും ചാൾസ് രാജാവുമായും സെലൻസ്‌കി കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള സെലൻസ്‌കിയുടെ ആദ്യ ബ്രിട്ടൻ സന്ദർശനവും രണ്ടാമത്തെ വിദേശയാത്രയുമായിരുന്നു ഇത്.
ഹൗസ് ഓഫ് കോമൺസ് സ്പീക്കർക്ക് ഒരു യുക്രെയ്ൻ പൈലറ്റിന്റെ ഹെൽമെറ്റും സെലൻസ്‌കി സമ്മാനമായി നൽകി. ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, അതിനെ സംരക്ഷിക്കാൻ ചിറകുകൾ തരൂ എന്നാണ് ഈ ഹെൽമെറ്റിൽ എഴുതിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി യുദ്ധ ഉപകരണങ്ങൾ യുക്രെയ്‌ന് ലഭിച്ചിട്ടുണ്ടെങ്കിലും, യുദ്ധവിമാനങ്ങൾ എവിടെ നിന്നും ലഭിച്ചിട്ടില്ല. ഈ ആവശ്യം കൂടി ഉന്നയിച്ചാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ഭാവിയിൽ അത്യാധുനിക നിലവാരമുള്ള യുദ്ധവിമാനങ്ങൾ പറത്താൻ യുക്രെയ്ൻ വൈമാനികർക്ക് ആവശ്യമായ പരിശീലനം നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഋഷി സുനക് പറഞ്ഞു. അത്യാധുനിക വിമാനങ്ങൾ ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു നേതാക്കളും ചേർന്ന് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൈനിക ക്യാമ്പിലും സന്ദർശനം നടത്തി. യുക്രെയ്‌ന് കൈമാറാനൊരുങ്ങുന്ന ചലഞ്ചർ 2 ടാങ്കുകളിൽ പരിശീലനം നടത്തുന്ന യുക്രെയ്ൻ സൈനികരേയും സെലൻസ്‌കി സന്ദർശിച്ചു. ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനും അദ്ദേഹം സഹായങ്ങൾക്ക് നന്ദി അറിയിച്ചു. ഇതുവരെ 2.5 ബില്യൺ യുഎസ് ഡോളറും ആയുധങ്ങളുമാണ് യുകെ യുക്രെയ്‌ന് കൈമാറിയിട്ടുള്ളത്.
Discussion about this post