തിരുവനന്തപുരം: സമരം അവസാനിപ്പിച്ച് പ്രതിപക്ഷം കേരളത്തിലെ ജനങ്ങളോട് സഹകരിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിയമസഭാ സമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കാര്യങ്ങൾ പ്രതിപക്ഷം മനസിലാക്കണമെന്നും മന്ത്രി പ്രതികരിച്ചു.
പ്രതിഷേധിക്കണ്ടതു കൊണ്ട് പ്രതിപക്ഷം സമരം ചെയ്യുന്നുവെന്ന് മാത്രം. സമരത്തിൽ നിന്നും പിന്മാറണമെന്നും കേരളത്തിന്റെ പൊതുതാത്പര്യത്തിനൊപ്പം നിൽക്കണമെന്നും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ ലിറ്ററിന് 20 രൂപ വച്ച് പിരിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം സമരം ചെയ്യുന്നില്ല. കേന്ദ്രം വില കൂട്ടുമ്പോൾ പ്രതിഷേധിക്കാതെ സംസ്ഥാനം ചെയ്യുമ്പോൾ മാത്രം പ്രതിപക്ഷം സമരം ചെയ്യുന്നു. കാര്യങ്ങൾ പ്രതിപക്ഷം മനസ്സിലാക്കണം. കേരളത്തിലെ ജനങ്ങളോട് സഹകരിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനാണ് നിയമസഭ വേദിയായത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അര മണിക്കൂറോളം നിർത്തിവച്ചു. ബഹളം തുടർന്നതോടെ ചോദ്യോത്തര വേളയും ഭാഗികമായി റദ്ദാക്കിയിരുന്നു.
Discussion about this post