ന്യൂയോർക്ക്; എന്റർടെയ്ൻമെന്റ് മേഖലയിലെ ആഗോള ഭീമൻമാരായ വാൾട്ട് ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയിലെ ഏഴായിരം ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. മൊത്തം ജീവനക്കാരുടെ 3.6 ശതമാനം വരുമിതെന്ന് കമ്പനി അറിയിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബോബ് ഐഗർ ആണ് തീരുമാനം അറിയിച്ചത്.
5.5 ബില്യൻ ഡോളറിന്റെ ചിലവ് ചുരുക്കൽ പദ്ധതിയനുസരിച്ചാണ് നടപടി. ഒക്ടോബർ ഒന്നിനുളള കണക്ക് അനുസരിച്ച് ഡിസ്‌നിയിൽ 2,20,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 1,66,000 പേർ അമേരിക്കയിലാണ്. ഏത് മേഖലയിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടൽ കൂടുതലായി ബാധിക്കുകയെന്ന് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ നവംബറിലാണ് ബോബ് ഐഗർ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
ബിസിനസ് കൂടുതൽ ലാഭത്തിലെത്തിക്കാനാണ് നടപടിയെന്ന് ഐഗർ വിശദീകരിക്കുന്നു. കമ്പനിയുടെ ക്രിയേറ്റീവ് ലീഡേഴ്‌സിന് കൂടുതൽ അധികാരം നൽകുന്ന രീതിയിലാണ് പൊളിച്ചെഴുത്ത് നടത്തുന്നതെന്നും അവരുടെ കണ്ടെന്റുകൾ എത്രത്തോളം ലാഭമുണ്ടാക്കുന്നുവെന്ന് മനസിലാക്കി പ്രവർത്തിക്കാനുളള അവസരമാണ് ഇതിലൂടെ വരുന്നതെന്നും ബോബ് ഐഗർ പറയുന്നു.
ആഗോള തലത്തിൽ ഐടി കമ്പനികൾ നടത്തുന്ന പിരിച്ചുവിടൽ വാർത്തകളിൽ നിറയുന്നതിനിടെയാണ് വിനോദ മേഖലയിലെ ഭീമൻമാരായ വാൾട്ട് ഡിസ്‌നിയും സമാനമായ തീരുമാനമെടുത്തിരിക്കുന്നത്.
Discussion about this post