ചുരുങ്ങിയ ചെലവിൽ എങ്ങനെ ജീവിക്കാം എന്ന് ഒരിക്കൽ പഠിച്ചാൽ ഭാവിയിലും ലാഭമുണ്ടാക്കാൻ ഈ തന്ത്രങ്ങൾ ഉപകരിക്കും. വരവ് എത്രതന്നെ ഉണ്ടായാലും സമ്പാദ്യ സ്വഭാവമില്ലെങ്കിൽ നാം പഠിച്ചിരിക്കേണ്ടത് മിതവ്യയത്തിന്റെയും ചെലവ് ചുരുക്കലിന്റെയും സാധ്യതകളെപ്പറ്റിയാണ്. കാരണം സാമ്പത്തിക അച്ചടക്കം ഇക്കാലത്ത് ഏറെ പ്രസക്തിയർഹിക്കുന്നു.
1 ചിട്ടയോടെ കുടുംബ ബജറ്റ്
വരവു ചെലവുകൾ കണക്കിലെടുത്താൽ നിങ്ങളുടെ യഥാർത്ഥ ജീവിതാവശ്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാനാകും. അനാവശ്യ ചെലവുകൾ ചുരുക്കാനുള്ള അവസരമാണിത്. വരവ് ചെലവുകൾ കൃത്യമാക്കി, സമ്പാദ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ചിട്ടയോടെ കുടുംബ ബജറ്റ് തയ്യാറാക്കാൻ ഈ അവസരം വിനിയോഗിക്കാം. വരവ് കുറയാൻ സാധ്യതയുള്ള കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിനാൽ അത് മനസിലാക്കി ചെലവ് വിഭാവനം ചെയ്യണം.
2. സമ്പാദ്യം അനിവാര്യം
നിങ്ങൾ ഇതുവരെ എങ്ങനെ എന്നത് പോലെയല്ല ഇനി അങ്ങോട്ടുള്ള ജീവിതം. ചെലവ് ചുരുക്കുന്നതോടൊപ്പം സമ്പാദ്യത്തിന് പ്രാധാന്യം നൽകണം.മൂന്നു മാസത്തെ വരുമാനമെങ്കിലും അടിയന്തരാവശ്യങ്ങൾക്കായി മാറ്റിവയ്ക്കണം. അത് ബിസിനസിൽ ആണെങ്കിലും വ്യക്തിഗത ജീവിതത്തിൽ ആണെങ്കിലും ഒരു പോലെ തന്നെ. അത്യവശ്യം തുക പണമായിത്തന്നെ കയ്യിൽ കരുതണം.
3 അമിത ചെലവുകൾ വേണ്ട
കൈയിലുള്ള പണം കരുതലോടെ സൂക്ഷിച്ചു വെക്കേണ്ട സമയമാണിത്. ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുക എന്നതാണ് പ്രധാനം. നിലനില്പിനാവശ്യമായ കാര്യങ്ങൾ മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കും വരെ ചെയ്യുക. സേവിങ്സ് ആണ് പ്രധാനം എന്ന ചിന്ത ഉണ്ടായിരിക്കുക.
4 സ്വർണം ഇപ്പോൾ വിൽക്കരുത്
സ്വർണത്തിന് മികച്ച വിലയുള്ള സമയമാണിത്. ആവശ്യത്തിന് പണം കൈയിൽ കരുതാനായി സ്വർണത്തിൽ കുറച്ചങ്ങു വിറ്റാലോ എന്നുചിന്തിച്ചേക്കാം . പക്ഷെ സ്വർണം ഇപ്പോൾ വിൽക്കാതിരിക്കുകയാണ് ബുദ്ധിപൂർവമായ തീരുമാനം. സ്വർണം ഇപ്പോഴും ഒരു കരുതൽ ധനമാണ് എന്ന് തിരിച്ചറിയുക
Discussion about this post