ടെസ്ല സിഇഒ ഇലോൺ മസ്‌കിനെ നമുക്കെല്ലാവർക്കും അറിയാം. ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരൻ. ആരും കൊതിക്കുന്ന സ്വപ്‌ന തുല്യമായ ജീവിതം. എണ്ണിയാലൊടുങ്ങാത്ത ആസ്തി.പ്രതിദിനം നൂറുകണക്കിന് കോടി ഡോളർ അക്കൗണ്ടിലേക്ക് ചേർക്കുന്ന മസ്‌കിതാ പുതിയൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്.
ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്നയാളായി മാറിയിരിക്കുകയാണ് എലോൺ മസ്‌ക്. ഒരു കോർപ്പറേറ്റ് നേതാവിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ,ഞെട്ടിപ്പിക്കുന്ന പാക്കേജ്. ശമ്പളത്തിന്റെ പൂജ്യം എണ്ണിത്തീരുമ്പോഴേക്കും നമ്മുടെയെല്ലാം കിളിപാറുമെന്നതിൽ സംശയമില്ല. ഒരു ട്രില്യൺ ഡോളർ അതായത് ഇന്ത്യൻ രൂപയിൽ എൺപത്തി എട്ട് ലക്ഷത്തി അറുപത്തി മൂവായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് കോടി രൂപയാണ് മസ്‌കിന്റെ പ്രതിഫല പാക്കേജ്. നിലവിൽ മസ്‌കിന് നൽകി വരുന്ന ശമ്പളത്തിന്റെ 500 മടങ്ങ് അധികമാണിത്.
ടെസ്ലയുടെ ഓഹരി ഉടമകൾക്കിടയിൽ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായ ഈ പാക്കേജ്, കമ്പനിയുടെ ഭാവിലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിക്കാൻ മസ്‌കിനെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ശമ്പളപാക്കേജിനൊപ്പം മസ്‌കിന്റെ ടെസ്ലയിലെ ഓഹരി പങ്കാളിത്തം 13 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയരുകയും ചെയ്യും. ഏറ്റവും വലിയ തമാശ,നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെ ജിഡിപിയുടെ ഇരട്ടിയാണത്രേ മസ്‌കിന്റെ ശമ്പളം.
ശമ്പള പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സാക്ഷാൽ മസ്‌ക് ഒട്ടനവധി കടമ്പകൾ കടക്കേണ്ടതുണ്ട്. 12 നിബന്ധനകളടങ്ങിയ ഒരു ലിസ്റ്റ് അദ്ദേഹത്തിന് ഓഹരി ഉടമകൾ നൽകി കഴിഞ്ഞു. ടെസ്ലയുടെ വിപണി മൂല്യം നിലവിലെ 1.54 ട്രില്യൻ ഡോളറിൽനിന്ന് 2 ട്രില്യനിൽ മസ്‌ക് എത്തിക്കണം. അതു സാധ്യമാക്കിയാൽ പാക്കേജിന്റെ ആദ്യഘട്ടം നൽകും. അടുത്ത 9 ഘട്ട പാക്കേജുകൾ സ്വന്തമാക്കാനായി ടെസ്‌ലയുടെ വിപണിമൂല്യം 500 ബില്യൻ ഡോളർ വീതം പടിപടിയായി ഉയർത്തി 6.5 ട്രില്യനിൽ എത്തിക്കണം. തുടർന്ന്, വിപണിമൂല്യം ഓരോ ട്രില്യൻ വീതം ഉയർത്തി മൊത്തം 8.5 ട്രില്യനിൽ എത്തിക്കണം.
മസ്‌ക് തന്റെ മറ്റ് കമ്പനികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, രാഷ്ട്രീയത്തിൽ സജീവമാകുന്നതും ടെസ്ലയുടെ വളർച്ചയെ മന്ദഗതിയിലാക്കുമെന്ന നിക്ഷേപകരുടെ ആശങ്കയെ തുടർന്നാണ് റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് മസ്‌കിനെ ടെസ്ലയിൽ തന്നെ ഉറപ്പിക്കുന്നത്. പറഞ്ഞുറപ്പിച്ച ശമ്പളം ലഭിക്കുന്നതോടെ മസ്‌കിന്റെ ആസ്തി 439 ബില്യൺ ഡോളറിൽ നിന്ന് ഇനിയുമധികം ഉയരുമെന്ന് സാരം.












Discussion about this post