കൊച്ചി: കാന്താര സിനിമയിൽ വരാഹരൂപം പാട്ട് പ്രദർശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പാട്ടിൽ അവകാശമുന്നയിച്ച് മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ് നൽകിയ പരാതിയിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ അണിയറക്കാർ നൽകിയ ഹർജിയിൽ കോടതി പിന്നീട് വിലക്ക് നീക്കുകയായിരുന്നു.
തങ്ങളുടെ നവരസം പാട്ടിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്നാണ് തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം. കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ പറയാനായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി നിർമാതാവിനും സംവിധായകനും മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. സിവിൽ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ പാട്ട് സിനിമയുടെ ഭാഗമാക്കരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം.
കോടതി വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ചിത്രത്തിന്റെ ഒടിടി പതിപ്പിൽ നിന്ന് ഉൾപ്പെടെ ഈ ഗാനം നീക്കം ചെയ്ത് പകരം മറ്റൊരു ഗാനം ഉൾപ്പെടുത്തിയിരുന്നു. വിലക്ക് നീക്കാൻ തുടക്കത്തിൽ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കീഴ്‌ക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. പാലക്കാട് സെഷൻസ് കോടതിയിലും ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ട്.
ഋഷഭ് ഷെട്ടിയാണ് കാന്താര സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി വേഷമിട്ടതും ഋഷഭ് തന്നെയാണ്. ചിത്രത്തിന്റെ കഥയുമായി ഏറെ ചേർന്ന് നിൽക്കുന്നതായിരുന്നു ഗാനം. ഇത് ഒഴിവാക്കുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
Discussion about this post