പാലക്കാട്: നഗരത്തിൽ വൻ അഗ്നിബാധ. ടയർ കട കത്തിനശിച്ചു. മഞ്ഞക്കുളം മാർക്കറ്റ് റോഡിലായിരുന്നു അഗ്നിബാധയുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മാലിന്യത്തിന് തീ പിടിച്ചു എന്നായിരുന്നു ഫയർഫോഴ്‌സിന് ലഭിച്ചിരുന്ന വിവരം. ഇതേ തുടർന്ന് ഒരു യൂണിറ്റ് മാത്രമായിരുന്നു ആദ്യം സ്ഥലത്ത് എത്തിയത്. പിന്നീട് 11 ഫയർഫോഴ്‌സ് യൂണിറ്റുകൾ കൂടി എത്തി. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ രണ്ട് മണിയോടെയായിരുന്നു തീ അണച്ചത്. തുടർന്നും തീ പിടിത്തത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് ഒരു ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്ത് തുടരുകയാണ്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനങ്ങൾ നടന്നത്. ഏകദേശം രണ്ട് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് കടയുടെ പുറകിലുള്ള സ്ഥലത്ത് മാലിന്യങ്ങൾക്ക് തീയിട്ടിരുന്നു. ഇതിൽ നിന്നും തീ പടർന്നുവെന്നാണ് സംശയിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണോ തീ പിടിത്തത്തിന് പിന്നിൽ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അതേസമയം പ്രദേശത്തെ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമല്ലാത്തത് രക്ഷാ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്.
Discussion about this post