പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. സിസേറിയനിൽ പിഴവുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെയായിരുന്നു സംഭവം. പ്രസവ ചികിത്സയ്ക്കിടെയാണ് നല്ലേപ്പിള്ളി സ്വദേശിനിയായ അനിതയും കുഞ്ഞും മരിച്ചത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം കൂടിയതിനാൽ അനിതയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനെ ചിറ്റൂരിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് കുഞ്ഞും മരിച്ചു.
അമിത രക്തസ്രാവമാണ് അമ്മയുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇൻ ചാർജായ ഡോക്ടർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ എഡിഎം ചിറ്റൂർ താലൂക്ക് ആശുപത്രി സന്ദർശിച്ചിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്.
Discussion about this post