കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി മരിച്ച റിയയുടെ സഹപാഠി. പേനയുടെ മഷി ഡെസ്‌കിലും ചുമരിലും ആയതിന്റെ പേരിൽ അദ്ധ്യാപിക ശകാരിച്ചുവെന്നും, പിഴയായി 25,000 രൂപ ആവശ്യപ്പെട്ടു എന്നുമാണ് സഹപാഠിയായ പെൺകുട്ടി പറയുന്നത്. റിയയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് അദ്ധ്യാപിക ഭീഷണിപ്പെടുത്തി. അദ്ധ്യാപികയുടെ ശകാരത്തിൽ മനംനൊന്താണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി പറയുന്നു.
റിയയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള അദ്ധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അദ്ധ്യാപിക ശകാരിച്ചതിന്റെ പേരിലാണ് പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാംക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്തത്. പേനയിലെ മഷി ഡെസ്‌കിലും ചുവരിലും തേച്ചെന്ന് പറഞ്ഞാണ് ശകാരിച്ചത്.
പേനയിൽ നിന്നും കയ്യിലേക്ക് വീണപ്പോൾ ചുവരിൽ അറിയാതെ പറ്റിയതാണെന്ന് റിയ പറഞ്ഞുവെങ്കിലും അദ്ധ്യാപിക ശകാരം നിർത്തിയില്ല. രക്ഷിതാക്കളെ വിളിച്ചു കൊണ്ട് വന്നതിന് ശേഷം മാത്രം ക്ലാസിൽ കയറിയാൽ മതിയെന്ന് പറഞ്ഞതോടെ കുട്ടി വിഷമത്തിലായി. വൈകിട്ട് വീട്ടിലെത്തിയ റിയ അദ്ധ്യാപികയുടേയും കൂടെ പഠിക്കുന്ന മറ്റൊരു കുട്ടിയുടേയും പേരെഴുതി വച്ചതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
Discussion about this post