കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാംക്ലാസുകാരിയായ റിയ പ്രവീൺ ആണ് ആത്മഹത്യ ചെയ്തത്. അദ്ധ്യാപികയുടെ ഭീഷണിയെ തുടർന്നാണ് റിയ ആത്മഹത്യ ചെയ്തത് എന്ന് സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമേ അദ്ധ്യാപികയെക്കുറിച്ച് ആത്മഹത്യാ കുറിപ്പിലും പരാമർശമുണ്ട്. ഇതേ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം റിയയുടെ പേനയിലെ മഷി ഡെസ്‌കിലും ചുമരിലുമെല്ലാം ആയിരുന്നു. ഇത് റിയ മനപ്പൂർവ്വം ചെയ്തതാണെന്നായിരുന്നു അദ്ധ്യാപികയുടെ വാദം. ഇതിന് പിന്നാലെ 25,000 രൂപ പിഴ ഈടാക്കുമെന്ന് അദ്ധ്യാപിക കുട്ടിയോട് പറയുകയും, കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് റിയ ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറുപ്പിൽ സഹപാഠിയായ മറ്റൊരു കുട്ടിയുടെ പേരും റിയ എഴുതിയിട്ടുണ്ട്.
Discussion about this post