അഗർത്തല: കോൺഗ്രസ് -ഇടത് കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ സുഹൃത്തുക്കളാണ്. പക്ഷേ കേരളത്തിൽ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.രാധാകിഷോർപുരിലെ വിജയസങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ സർക്കാരുകൾ വർഷങ്ങളായി സംസ്ഥാനത്തെ കൊള്ളയടിക്കുകയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു.ത്രിപുരയിലെ പാവപ്പെട്ടവരുടെയും ഗോത്രവർഗക്കാരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും സ്വപ്നങ്ങളാണ് ഇടത്, കോൺഗ്രസ് ഭരണങ്ങളിലൂടെ തകർന്നത് ത്രിപുര വിട്ടുപോകാൻ അവർ ജനങ്ങളെ നിർബന്ധിച്ചു. വൈദ്യുതിയും വെള്ളവും ലഭിക്കുന്നത് പോലും ഇരുമ്പ് ചവയ്ക്കുന്നതിന് തുല്യമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ്-സിപിഐ(എം) ഭരണകാലത്ത് ആയിരക്കണക്കിന് ഗ്രാമങ്ങളിൽ വികസനം നഷ്ടപ്പെട്ടിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ 5 വർഷത്തിനിടെ ബിജെപി സർക്കാർ 5000 ഗ്രാമങ്ങളെ റോഡുകളുമായി ബന്ധിപ്പിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ത്രിപുരയിലെ ജനങ്ങളുടെ വിശ്വാസമാണ് സംസ്ഥാനത്ത് വികസനം കൊണ്ടുവരാൻ ബിജെപിയെ പ്രാപ്തരാക്കിയതും പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിപുരയിലെ ഓരോ വോട്ടും ബിജെപിയിലേക്കെന്ന് നിങ്ങൾ ഉറപ്പാക്കണം.വോട്ടിന് വലിയ മൂല്യമുണ്ട്, ശരിയായ തിരഞ്ഞെടുപ്പ് ത്രിപുരയെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകും. തെറ്റായ ഭരണത്തിനായി ചിലർ കൈകോർത്തു, മറ്റ് ചില പാർട്ടികളും അവരെ പിന്നിൽ നിന്ന് സഹായിക്കുന്നു. അവരുടെ പേരോ മുദ്രാവാക്യമോ എന്തുമാകട്ടെ, പക്ഷേ അവർക്ക് ലഭിക്കുന്ന ഒരു വോട്ട് പോലും ത്രിപുരയെ പിന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനത്തെ വികസനത്തിന്റെ കുതിപ്പ് തുടരാൻ ‘ഇരട്ട-എഞ്ചിൻ’ സർക്കാരിന് വോട്ടുചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു ‘കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഇരുതല മൂർച്ചയുള്ള വാളിനെ സൂക്ഷിക്കുക, ജനോപകാരപ്രദമായ എല്ലാ പദ്ധതികളും നിർത്താൻ അവർ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ബിജെപി ത്രിപുരയെ ഭയത്തിന്റെ അന്തരീക്ഷത്തിൽ നിന്നും സംസ്‌കാരത്തിൽ നിന്നും മോചിച്ചു. അക്രമം ഇനി ഒരിക്കലും ത്രിപുരയുടെ സ്വത്വമല്ലെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ, സിപിഐ എം പ്രവർത്തകർ പോലീസ് സ്റ്റേഷനുകൾ നിയന്ത്രിച്ചിരുന്നെങ്കിൽ, ബിജെപി ഇപ്പോൾ നിയമവാഴ്ച സ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post