മുംബൈ: നാഗ്പൂർ ടെസ്റ്റിൽ ഗംഭീരമായ തിരിച്ചു വരവ് നടത്തി ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജക്കെതിരെ അച്ചടക്ക നടപടി. മത്സരത്തിന്റെ ആദ്യ ദിവസം, പരിക്കേറ്റ് നീരുവെച്ച വിരലിൽ ബാം പുരട്ടിയാണ് ജഡേജ കളിക്കാനിറങ്ങിയത്. ഇതിന് ഓൺ ഫീൽഡ് അമ്പയർമാരുടെ അനുവാദം വാങ്ങാത്തത് കുറ്റകരമാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഇതോടെ, മത്സരത്തിലെ പ്രതിഫലത്തിന്റെ 25 ശതമാനം ജഡേജക്ക് നഷ്ടമാകും. താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിക്കും. മത്സരത്തിൽ 81 റൺസിന് 7 വിക്കറ്റ് വീഴ്ത്തുകയും 70 റൺസ് നേടുകയും ചെയ്ത ജഡേജ ആയിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി. നാഗ്പൂർ ടെസ്റ്റിൽ ഇന്നിംഗ്സിനും 132 റൺസിനുമാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.
ജഡേജ കൈയ്യിൽ മരുന്ന് പുരട്ടിയതിനെതിരെ ചില മുൻ ഓസ്ട്രേലിയൻ താരങ്ങൾ രംഗത്ത് വന്നിരുന്നു. പന്തിൽ കൃത്രിമം കാട്ടാനായിരുന്നു ജഡേജയുടെ ശ്രമം എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ, ജഡേജ ഉപയോഗിച്ചത് വേദനയ്ക്കുള്ള ലേപനമാണെന്നും, മറ്റുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഐസിസി സ്ഥിരീകരിക്കുകയായിരുന്നു.
മത്സരഫലം അട്ടിമറിക്കാൻ വേണ്ടി പന്തിൽ കൃത്രിമം കാണിച്ചതിന് വിലക്ക് നേരിട്ട ശേഷം മടങ്ങിയെത്തിയ താരങ്ങൾ നിലവിൽ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കവെ ആയിരുന്നു, മുൻ താരങ്ങൾ ജഡേജക്കെതിരെ ആരോപണം ഉന്നയിച്ചത്. ജഡേജ ഉപയോഗിച്ച ക്രീം പന്തിന്റെ സ്വാഭാവിക ഘടനയെ ബാധിക്കുകയോ മത്സരഫലം അട്ടിമറിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. അമ്പയർമാരുടെ അനുവാദം വാങ്ങാതെ ഗ്രൗണ്ടിൽ വെച്ച് ക്രീം ഉപയോഗിച്ചതിനുള്ള ലെവൽ 1 കുറ്റകൃമാണ് ജഡേജ ചെയ്തതെന്ന് മാച്ച് റഫറി റിപ്പോർട്ട് നൽകി. അമ്പയർമാരായ നിതിൻ മേനോനും റിച്ചാർഡ് ഇല്ലിംഗ്വർത്തും അനന്തപത്മനാഭനും ഇത് അംഗീകരുക്കുകയും ചെയ്തു.
Discussion about this post