തിരുവനന്തപുരം: വായ്പ എടുക്കാനെത്തിയ യുവതിയെ കയറിപ്പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത ബാങ്ക് മാനേജർക്കെതിരെ പരാതി. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ എസ്.എസ് സുനിൽ കുമാറിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരിയും സിപിഎം അംഗമാണ്. വെമ്പായം സർവിസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജരാണ് സുനിൽ കുമാർ. യുവതിയുടെ പരാതിയിന്മേൽ വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജനുവരി ആറാം തിയതി വൈകിട്ട് മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. വായ്പ എടുക്കുന്നതിന് വേണ്ടി ഈടായി നൽകിയ ഭൂമിയിൽ വച്ചായിരുന്നു അതിക്രമം. രാവിലെ മാനേജർ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് ഈട് വയ്ക്കുന്ന ഭൂമി കാണണമെന്ന് ആവശ്യപ്പെട്ടു. മൂന്ന് മണിയോടെ സ്ഥലത്ത് എത്തണമെന്നും നിർദ്ദേശിച്ചു. ഇവിടെ വച്ച് ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നതിനിടെ യുവതിയെ സുനിൽ കുമാർ കടന്നു പിടിക്കുകയായിരുന്നു. യുവതി കുതറി മാറിയതോടെ ഇയാൾ യുവതിക്ക് നേരെ മുണ്ട് അഴിച്ച് കാണിക്കുകയും ഭർത്താവ് ഇല്ലാത്ത ദിവസം അറിയിച്ചാൽ വീട്ടിൽ വരാമെന്ന് പറയുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നത്.
സിപിഎം ബ്രാഞ്ച് അംഗമായ യുവതി ജനുവരി 10ാം തിയതി പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഫാറൂഖിനാണ് ആദ്യം പരാതി നൽകിയത്. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെ സുനിൽകുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. തുടർന്ന് 31ാം തിയതി ബാങ്ക് ഭരണ സമിതിക്ക് യുവതി വീണ്ടും പരാതി നൽകി. പിന്നാലെയാണ് ഈ മാസം ഒൻപതിന് യുവതി വട്ടപ്പാറ പോലീസിൽ പരാതി നൽകുന്നത്. പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതിയായ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.
Discussion about this post