കോഴിക്കോട്: കോന്നി തലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായതിന് പിന്നാലെ, കോഴിക്കോട് സബ് കളക്ടർ ഓഫീസിലെ ജീവനക്കാരുടെ ധാർഷ്ട്യവും ചർച്ചയാകുന്നു. ഫെബ്രുവരി 3നായിരുന്നു ജീവനക്കാരുടെ കൂട്ട അവധി. തിരുനെൽവേലിയിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുക്കാനാണ് ജീവനക്കാർ അവധിയെടുത്തത്.
ആകെയുള്ള 33 ജീവനക്കാരിൽ 22 പേരും അവധിയെടുത്തതായാണ് വിവരം. അന്നേ ദിവസം സബ് കളക്ടർ ഓഫീസിലെ പ്രവർത്തനങ്ങൾ താറുമാറായതായി ആക്ഷേപമുണ്ട്. ഇതിനെതിരെ പൊതുപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര നടത്തിയ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിനും കാരണമായിരുന്നു. സംഭവത്തെ ചൊല്ലി ഇടത് മുന്നണിയിലെ കക്ഷികൾ പരസ്പരം ഏറ്റുമുട്ടലിന്റെ വക്കിൽ എത്തിയിരുന്നു. മന്ത്രിക്കെതിരെ ഇടത് എം എൽ എ തന്നെ രംഗത്ത് വന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
സർക്കാർ ഓഫീസിലെ ഫയലുകൾ പെട്ടെന്ന് തീർപ്പാക്കണമെന്നും ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവിതങ്ങളാണ് എന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് ഇടത് അനുകൂല സർവീസ് സംഘടനകൾ പോലും പുല്ലുവിലയാണ് നൽകുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാകുകയാണ്.
Discussion about this post