ലോഞ്ച് ചെയ്ത സമയം മുതൽ വളരെയേറെ ശ്രദ്ധ ആകർഷിച്ച ഒരു സീരീസ് ആണ് ഫർസി. ഷാഹീദ് കപൂറിന്റെ ഒടി.ടി. വിജയ് സേതുപതിയുടെ ഹിന്ദി, ഒ.ടി.ടി അരങ്ങേറ്റം, വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന അമോൽ പാലേക്കർ, പിന്നെ ഫാമിലിമാന്റെ വൻ വിജയത്തിന് ശേഷം രാജ് ആൻഡ് ഡികെ. പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ?
ഒറ്റ വാചകത്തിൽ പറഞ്ഞാൽ യാതൊരു മുഷിപ്പും കൂടാതെ കണ്ടിരിക്കാവുന്ന ക്വാളിറ്റിയുള്ള ഒരു സീരീസ് തന്നെയാണ് ഫർസി. അതിൽ സംശയവും വേണ്ട. എട്ട് എപ്പിസോഡുകൾ തീരുന്നതറിയില്ല. പൂർണ്ണമായിട്ടും ഒരു ത്രില്ലർ മോഡിൽ അല്ലെങ്കിലും ഒരു എന്റർടൈനർ എന്ന നിലയിൽ മികച്ച ഒരു ടൈം പാസ് തന്നെയാണ്. മുമ്പ് എവിടെയൊക്കെയോ കണ്ടു മറന്ന പല സീക്വന്സുകളും ചേർത്തുവെച്ച പ്രമേയം ആയിരുന്നെങ്കിലും, മികച്ച അഭിനേതാക്കളുടെയും, രസകരമായ സംഭാഷണങ്ങളുടെയും (സീരീസ് ഹിന്ദി വേർഷൻ തന്നെ കാണണം) തോളിലേറി മികച്ച ഒരു കാഴ്ച്ചാനുഭവം സമ്മാനിക്കുന്നുണ്ട് രാജ് ആൻഡ് ഡികെ.
ഫാമിലി മാൻ പോലെ ഒരു പാൻ ഇന്ത്യൻ കാസ്റ്റ് തന്നെയാണ് ഫർസിക്കും. കമ്പനിയിലെ ലാലിന്റെ റോളിന് ശേഷം ഒട്ടും ക്ളീഷേകൾ കൂടാതെ, ഒരു സൗത്ത് ഇന്ത്യൻ ലീഡ് ഇൻവെസ്റിഗേറ്റർ ആയിട്ടാണ് വിജയ് സേതുപതിയുടെ റോൾ കൺസീവ് ചെയ്തിരിക്കുന്നത്. സാധാരണ സൗത്ത് ഇന്ത്യൻ കാരക്ടറുകളെ കരിക്കേച്ചറുകൾ ആയി അവതരിപ്പിക്കുന്ന കീഴ്വഴക്കങ്ങൾ എല്ലാം കാറ്റിൽ പറത്തിയിട്ടുണ്ട് വിജയ് സേതുപതിയുടെ മൈക്കൽ വേദനായകം. തന്റെ പതിവ് മാനറിസങ്ങൾ ഒക്കെ മാറ്റി പിടിച്ചുകൊണ്ട് ഇതുവരെ കാണാത്ത ഒരു വിജയ് സേതുപതിയെ ആണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. വ്യക്തി ജീവിതത്തിലും പ്രവർത്തി മണ്ഡലത്തിലും താൻ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഫെസ്ട്രേഷനുകൾ ഒക്കെ പ്രേക്ഷകർക്ക് അനുതാപം തോന്നുന്ന വിധത്തിൽ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായ അനായാസതയോടെയും ഒട്ടും അരോചകമല്ലാതെയും തന്റെ ഹിന്ദി ഉച്ചാരണവും ഡയലോഗ് പ്രസന്റേഷനും നടത്തിയിട്ടുണ്ട് വിജയ് സേതുപതി എന്ന് എടുത്ത് പറയേണ്ടതാണ് .
മർമ്മ പ്രധാനമായ ഒരു രംഗത്ത് ഷാഹിദ് കപൂറിന്റെ സണ്ണി എന്ന കാരക്ടർ യാസിർ ചാച്ചയോട്, തനിക്കൊട്ടും കുറ്റബോധം തോന്നുന്നില്ല, അതുകൊണ്ട് തന്നെ മുത്തച്ഛനോട് ആത്മാർത്ഥമായി മാപ്പ് ചോദിക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന ഒരു രംഗമുണ്ട്. പിന്നൊരു സീനിൽ അതെ കുറ്റബോധവും, സ്നേഹവും ഒത്തു ചേർന്ന് നാനയെ പിന്നിൽ നിന്നും ചേർത്തു പിടിക്കുന്ന മറ്റൊരു രംഗം. ഇങ്ങനെ ചില രംഗങ്ങൾ ഒഴിച്ചാൽ, എഴുതി വെച്ചതിൽ നിന്നും അധികമൊന്നും എലവേറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
പൊതുവെ ഒരു എനർജി കുറവ് സീരീസിൽ ഉടനീളം ആ കാരക്ടറിനുണ്ട്. ഏതാണ്ട് സണ്ണിയുടെ അത്ര തന്നെ സ്‌ക്രീൻ ടൈമും, പ്രാധാന്യവും ഭുവൻ അറോറ ചെയ്ത ഫിറോസ് എന്ന സന്തത സഹചാരിയുടെ റോളിനുമുണ്ട്. എന്നാൽ അദ്ദേഹമാവട്ടെ നല്ല ഇമ്പാക്ട് തോന്നിക്കുന്ന രീതിയിൽ അതിനെ പകർത്തിയിട്ടുമുണ്ട്. അമോൽ പലേക്കറിന്റെ ‘ക്രാന്തി’ എന്ന പ്രസിദ്ധീകരണം നടത്തുന്ന മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തിന്റെ പരിചയസമ്പന്നതയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. ഒരു പൊടി ഓവർ എന്തൂസിയാസ്റ്റിക്ക് ആയ റുക്കി ആർബിഐ ഓഫീസറായി രാശി ഖന്നയും, മൈക്കലിന്റെ രീതികളോട് പൊരുത്തപ്പെടാത്ത സെപ്പറേറ്റഡ് ആയി നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയായി റെജീന കസാന്ദ്രയും തങ്ങളുടെ റോളുകളോട് നീതി പുലർത്തിയിട്ടുണ്ട്.
എന്നാൽ സൈറയുടെ റോളിൽ എത്തുന്ന കുബ്റാ സേത്തിന് ആ റോളിന് വേണ്ട കരുത്ത് പകരാൻ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ മന്ദിര ബേദിയെപ്പോലെയുള്ള ആരെങ്കിലും ഒക്കെ കാസ്റ്റ് ചെയ്തിരുന്നേൽ ആ റോളിന് കുറേക്കൂടി പവർ തോന്നിച്ചേനെ. വരുന്ന സെക്കൻഡ് സീസണിൽ സൈറയുടെ റോളിന് ഉണ്ടായേക്കാവുന്ന പ്രാധാന്യം കൂടി ഓർത്തിട്ടാണ് അങ്ങിനെ തോന്നിയത്.
എന്നാൽ ഇതൊക്കെ പറയുമ്പോഴും ഷോ സ്റ്റീലർമാർ എന്ന് പറയുന്നത് കെ കെ മേനോനും, സക്കീർ ഹുസൈനുമാണ്. ജോർദാൻ ആസ്ഥാനമാക്കി കൗണ്ടർ ഫീറ്റിങ് റാക്കറ്റ് നടത്തുന്ന മൻസൂർ ദലാൽ എന്ന റോളിനെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നുകൊണ്ട് സഹതാരങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന ലെവലിൽ കൈ മെയ് മറന്ന് പൂണ്ടു വിളയാട്ടം നടത്തിയിട്ടുണ്ട്.. എന്താ ഒരു സ്‌ക്രീൻ പ്രെസൻസ്. ഷഹീദ് കപൂറുമായിട്ടുള്ള സീൻസിൽ പതിവ് വില്ലന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ശൈലിയിലൂടെ, ആ കാരക്ടറിന് പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ചു കൊടുത്തിട്ടുണ്ട്. ലൂക്കിലും സ്വാഗിലും ഒക്കെ മറ്റുള്ള സഹതാരങ്ങളെക്കാൾ ചുവടുകൾ മുന്നിലാണ് മൻസൂർ. അതെസമയം ഫിനാൻസ് മിനിസ്റ്റർ പവൻ ഗെഹ്‌ലോട്ടായി സക്കീർ ഹുസൈന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് എന്ന് മനസ്സിലായിട്ടും അതിനെ നിഷേധിച്ചുകൊണ്ട് സംസാരിക്കുന്ന മൈക്കളുമായിട്ടുള്ള സംഭാഷണങ്ങൾ ചിരി പടർത്തും.
സംഭാഷണങ്ങളിൽ നിർലോഭം ‘എക്സ്പ്ലെട്ടീവുകൾ’ വാരി വിതറിയിട്ടുണ്ട്, അതുകൊണ്ട് തന്നെ ഫാമിലി വ്യൂവിങ് കരുതി തന്നെ വേണം. എന്നാൽ അതെ സമയം വിവാദം സൃഷ്ടിക്കാവുന്ന ഘടകങ്ങളിൽ നിന്നെല്ലാം അകലം പാലിച്ചിട്ടുണ്ട് രാജ് ആൻഡ് ഡികെ. ‘നോട്ട് നിരോധനത്തെ’ ആക്രമിക്കാൻ ഒരുമ്പെട്ടില്ല, ‘പാകിസ്താനെ’ പതിവ് പോലെ വില്ലൻ സ്ഥാനത്ത് നിർത്തി എന്നൊക്കെയുള്ള കരച്ചിലുകൾ കേൾക്കാനുണ്ട്. അതൊക്കെ അർഹമായ അവഗണനയോടെ തള്ളിക്കളയാൻ മാത്രമേ കഴിയുകയുള്ളൂ.
മറ്റുള്ള മികച്ച സീരീസുകൾക്കൊക്കെ കൃത്യമായ ഹിന്ദി ഹൃദയഭൂമിയുടെ ഫ്ലേവർ ഉണ്ടായിരുന്നുവെങ്കിലും, ഫർസി പൂർണ്ണമായി ഒരു പാൻ ഇന്ത്യ ഫ്ലേവറുള്ള സീരീസാണ്. ഒട്ടും ഏച്ചുകൂട്ടൽ തോന്നാത്ത വിധത്തിൽ തെലുങ്ക് സംസാരിക്കുന്ന മൈക്കലിന്റെ ഭാര്യാ പിതാവിനെയും, മറാത്തി സംസാരിക്കുന്ന പോലീസ് ഓഫീസർമാരെയുമൊക്കെ കഥയിലേക്ക് വിളക്കി ചേർത്തിട്ടുണ്ട്.
പഴുതുകൾ ഇല്ലാത്ത സാങ്കേതിക മികവ് അവകാശപ്പെടാൻ കഴിയും. അതേ സമയം ആർട്ട് ഡയറക്ഷനും സെറ്റ് ഡിസൈനുമൊക്കെ – പ്രത്യേകിച്ച് ക്രാന്തിയുടെ ഓഫീസും പ്രിന്റിങ് പ്രസ്സുമൊക്കെ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. നാലോ അല്ലെങ്കിൽ പരമാവധി അഞ്ചോ എപ്പിസോഡുകളിൽ ഒതുക്കാവുന്ന ഒരു സീരീസ് ആണ് എന്ന് കണ്ടു കഴിയുമ്പോൾ തോന്നാം. പല വിഷയങ്ങളും ആവശ്യത്തിൽ കവിഞ്ഞു സ്പൂൺ ഫീഡ് ചെയ്യുന്നുണ്ട്. എന്നാൽ അതെ സമയം കണ്ടിരിക്കുമ്പോൾ അതൊരു അലോസരമായി തോന്നുകയുമില്ല. വലിയ കളികൾക്ക് നടുവിൽ അകപ്പെടുന്ന ചെറിയ മീനുകൾ എന്ന വലിയ പ്രത്യേകതകൾ ഒന്നും കൂടാത്ത പ്ലോട്ട് ടെംപ്ളേട്ടാണ് സീരീസിന്റെത്. വലിയ വളച്ചുകെട്ടലൊന്നും കൂടാതെ അത് പിക്ച്ചറൈസ് ചെയ്തു വെച്ചിട്ടുണ്ട്. ഹ്യുമറിന്റെ അണ്ടർ ടോൺ വിട്ടുകളയാതെയാണ് അത് പ്രേക്ഷകരിൽ എത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അത് രസകരമായ ഒരു കാഴ്ച്ചാനുഭവം പ്രേക്ഷകർക്ക് നൽകുന്നതും.
ഫാമിലി മാനിലെ ഒരു സുപ്രധാന കഥാപാത്രം കഥയിലൊരിടത്ത് തലകാട്ടി പോവുന്നുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ജനപ്രിയ സീരീസിലേക്ക് ഒരു യൂണിവേഴ്‌സ് സൃഷ്ടിക്കാൻ കഴിയുന്ന പാകത്തിൽ ഒരു പാലമിട്ട് പോയിട്ടുണ്ട് രാജ് ആൻഡ് ഡികെ. മൊത്തത്തിൽ പറഞ്ഞാൽ ഒരു വീക്കെൻഡ് ബിഞ്ച് അർഹിക്കുന്ന ഒരു സീരീസ് തന്നെയാണ് ഫർസി.
Discussion about this post