ന്യൂഡൽഹി: 2019ലെ ജാമിയ കലാപ കേസിൽ ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഷർജീൽ ഇമാം, ഇക്ബാൽ തൻഹ, സഫൂർ സർഗാർ എന്നിവരുൾപ്പെടെ പതിനൊന്ന് പേരെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ നടപടി.
ഫെബ്രുവരി 4നാണ് ഷർജീൽ ഇമാമിനെയും കൂട്ടാളികളെയും ഡൽഹി സാകേത് കോടതി വെറുതെ വിട്ടത്. 2019 ഡിസംബറിൽ ജാമിയ സർവകലാശാലക്ക് സമീപം നടന്ന കലാപവുമായി ബന്ധപ്പെട്ടതാണ് കേസ്. കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത കലാപകാരികൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.
2019 ഡിസംബർ 13നാണ് സംഭവത്തിൽ ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ 12 പേരായിരുന്നു പ്രതികൾ.
പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിചാരണ കോടതി വിധിയുടെ ഡിജിറ്റൽ രൂപം ഹാജരാക്കാനും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ കേസിന്റെ അന്വേഷണത്തെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കേസ് മാർച്ച് 16നാണ് പരിഗണിക്കാനാണ് ഡൽഹി ഹൈക്കോടതിയുടെ തീരുമാനം. ജാമിയ കലാപ കേസിൽ ജാമ്യം കിട്ടിയെങ്കിലും, ഷർജീൽ ഇമാം ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. ഡൽഹി കലാപ കേസ്, രാജ്യദ്രോഹ ഗൂഢാലോചന കേസ് എന്നിവയിൽ ഇയാൾക്കെതിരെ ഇപ്പോഴും നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post