മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലിഗ് താര ലേലത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ഥാനയെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 3.4 കോടി രൂപയ്ക്കാണ് ആർസിബി സ്മൃതിയെ സ്വന്തമാക്കിയത്. ഇന്ത്യൻ വനിതാ ട്വന്റി 20 ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗറിനെ 1.8 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ന്യൂസിലൻഡ് താരം സോഫി ദെവിനെയെയും ആർസിബി സ്വന്തമാക്കി. 3.2 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ താരം ആഷ്ലി ഗാർഡ്നറെ ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസ പെറിയെ 1.7 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ സ്വന്തം പാളയത്തിൽ എത്തിച്ചത്.
ഇന്ത്യൻ താരം ദീപ്തി ശർമ്മയെ 2.6 കോടി രൂപയ്ക്ക് യുപി വാറിയേഴ്സ് വാങ്ങി. 1.5 കോടി രൂപ നൽകി രേണുക സിംഗിനെയും ബാംഗ്ലൂർ സ്വന്തമാക്കി. 1.4 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ താരം തഹ്ലിയ മക്ഗ്രാത്തിനെയും യുപി സ്വന്തമാക്കി. ഓസ്ട്രേലിയൻ റൺ മെഷീൻ ബെഥ് മൂണിയെ 2 കോടി രൂപയ്ക്കാണ് ഗുജറാത്ത് ജയന്റ്സ് വാങ്ങിയത്.
ഒരു കോടി രൂപയ്ക്ക് ദക്ഷിണാഫ്രിക്കൻ പേസർ ശബ്നിം ഇസ്മയിൽ യുപി ടീമിലെത്തി. ഒരു കോടി രൂപയ്ക്ക് ന്യൂസിലൻഡ് ഓൾ റൗണ്ടർ അമീലിയ കെറിനെ മുംബൈയും സ്വന്തമാക്കി. 2.2 കോടി രൂപയ്ക്കാണ് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
1.1 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ ക്യാപ്ടൻ മെഗ് ലാനിംഗിനെ ഡൽഹി വാങ്ങി. 2 കോടി രൂപയ്ക്ക് ഇന്ത്യൻ യുവതാരം ഷെഫാലി വർമ്മയെയും സ്വന്തമാക്കിയത് ഡൽഹിയാണ്. 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് ക്യാപ്ടൻ ഹീതർ നൈറ്റിനെയും ശ്രീലങ്കൻ ക്യാപ്ടൻ ചമീരി അത്തപത്തുവിനെയും ലേലത്തിൽ ആരും വാങ്ങിയില്ല.
ഇന്ത്യൻ താരം പൂജ വസ്ത്രകാറിനെ ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസ് ചിലവാക്കിയത് 1.9 കോടി രൂപയാണ്. 1.5 കോടി രൂപയ്ക്കാണ് യാസ്തിക ഭാട്ടിയയെ മുംബൈ ക്യാമ്പിലെത്തിച്ചത്. 1.9 കോടി രൂപയ്ക്ക് റിച്ച ഘോഷിനെയും ആർസിബി സ്വന്തമാക്കി. 70 ലക്ഷം രൂപ വിലയിൽ ഓസീസ് താരം അലീസ ഹീലിയെ സ്വന്തമാക്കിയത് യുപി വാറിയേഴ്സ് ആണ്.
ഇന്ത്യൻ താരം ശിഖ പാണ്ഡെയെ ഡൽഹി സ്വന്തമാക്കിയത് 60 ലക്ഷം രൂപയ്ക്കാണ്. അണ്ടർ 19 ലോകകപ്പ് നേടിയ ടീമിലെ സൂപ്പർ താരങ്ങളായ പാർശവി ചോപ്രയെ യുപിയും ടിതാസ് സിദ്ധുവിനെ ഡൽഹി ക്യാപിറ്റൽസും വാങ്ങി. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ഇരുവരും വിറ്റുപോയത്. അണ്ടർ 19 താരം ശ്വേത ഷെറാവത്തിനെ യുപി വാറിയേഴ്സ് സ്വന്തമാക്കിയത് 40 ലക്ഷം രൂപയ്ക്കാണ്.
Discussion about this post