ന്യൂഡൽഹി: ജമ്മു കശ്മീരിലെ സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസുകളിലും ഹിന്ദി പഠിപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 32 വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിലെ സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് നിർബന്ധമാക്കാൻ ഒരുങ്ങുന്നത്. സ്കൂളികളിലെ ഹിന്ദി അദ്ധ്യയനവുമായി ബന്ധപ്പെട്ട് ശുപാർശകൾ സമർപ്പിക്കാൻ ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് അടുത്തയിടെ എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.
അതേസമയം ജമ്മു കശ്മീരിലെ സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ ബിജെപി ആണെന്നും തരിഗാമി കുറ്റപ്പെടുത്തി. ജമ്മുവിൽ ബിജെപി നിർദേശപ്രകാരം സ്വകാര്യ സ്കൂളുകളിൽ ഇപ്പോൾ തന്നെ ഹിന്ദി പഠിപ്പിക്കുന്നുണ്ടെന്നും തരിഗാമി പറഞ്ഞു
എന്നാൽ, കശ്മീരിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അൽത്താഫ് തക്കൂർ അറിയിച്ചു. ഹിന്ദി ഒരു പ്രത്യേക മതത്തിന്റേതാണെന്ന് പറയാൻ കഴിയില്ല. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലീം വിദ്യാർത്ഥികൾ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഹിന്ദി പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ, സർക്കാർ മേഖലയിൽ ആകെ 23,173 സ്കൂളുകളാണ് ഉള്ളത്. ജമ്മുവിലെ സ്കൂളുകളിൽ നിലവിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട്. എന്നാൽ, താഴ്വരയിൽ ഹിന്ദു വംശഹത്യക്ക് ശേഷം ഹിന്ദി പഠിപ്പിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഹിന്ദി അദ്ധ്യാപകരായ കശ്മീരി ഹിന്ദുക്കളെ മതമൗലികവാദികൾ കൊലപ്പെടുത്തിയിരുന്നു.
തൊണ്ണൂറുകൾക്ക് മുൻപ് താഴ്വരയിലെ70 ശതമാനം സ്കൂളുകളിലും ഹിന്ദി പഠിപ്പിച്ചിരുന്നു. എന്നാൽ, കശ്മീരി ഹിന്ദുക്കളുടെ വംശഹത്യക്ക് ശേഷം താഴ്വരയിലെ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപക നിയമനം നടന്നിട്ടില്ല. കശ്മീരി ഭാഷയായ ഉർദുവും ഇംഗ്ലീഷുമാണ് ഇവിടങ്ങളിൽ പഠിപ്പിക്കുന്നത്. സി ബി എസ് ഇ സ്കൂളുകളിൽ മാത്രമാണ് ഹിന്ദി പഠിപ്പിച്ചിരുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് നിലവിൽ സർക്കാർ പരിശ്രമിക്കുന്നത്.
Discussion about this post