കൊച്ചി : കഴുത്തിൽ വെടിയുണ്ടയുമായി എട്ട് മാസം നടന്ന ഒമാൻ ബാലൻ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക്. എട്ട് വയസ്സുകാരൻ യുസിഫിന്റെ കഴുത്തിലേറ്റ വെടിയുണ്ട, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർ രണ്ട് മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.
ഒമാനിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന യുസിഫിന് അപ്രതീക്ഷിതമായാണ് അയൽവാസിയായ കുട്ടിയുടെ തോക്കിൽ നിന്നും വെടിയേറ്റത്. ശ്വാസനാളത്തിന് മില്ലിമീറ്റർ അകലെ ഞരമ്പുകളും രക്തക്കുഴലുകളുമുള്ള അതിസങ്കീർണ്ണമായ ഭാഗത്തായിരുന്നു വെടിയുണ്ട കുടുങ്ങികിടന്നിരുന്നത് . ശസ്ത്രക്രിയ നടത്താൻ പല ആശുപത്രികളും വിസ്സമ്മതിച്ചപ്പോൾ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി യുസിഫിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.
ഒമാനിലെ നിസ്വ നഗരത്തിലുള്ള കടയുടമയായ അച്ഛനും അമ്മയുമൊപ്പമാണ് യുസിഫ് കൊച്ചിയിലെത്തിയത്. രക്ഷിതാക്കൾ കുട്ടിയെ രാജ്യത്തെ പല ആശുപത്രികളിലും കൊണ്ടുപോയിരുന്നുവെങ്കിലും വെടിയുണ്ടയുടെ സ്ഥാനം ഓപ്പറേഷൻ ചെയ്യാൻ കഴിയാത്തവിധം അപകടസാധ്യതയുള്ളതിനാൽ ഒരു ആശുപത്രിയും ശസ്ത്രക്രിയ നടത്തുവാൻ തയ്യാറായിരുന്നില്ല. തുടർന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സകൾക്കായി യുസിഫിനെയും കുടുംബത്തെയും കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.
‘വെടിയുണ്ടയുടെ ഭാഗങ്ങൾ ശരീരത്തിൽ നിന്ന് വീണ്ടെടുക്കുന്നത് അപകടകരമായ പ്രക്രിയയാണ്. ശരീരത്തിന്റെ സെൻസിറ്റീവ് ഭാഗത്താണ് അതിന്റെ അവശിഷ്ടങ്ങളെങ്കിൽ വീണ്ടെടുക്കൽ ആരും നിർദ്ദേശിക്കില്ല. കാരണം അത് കൂടുതൽ സങ്കീർണതയിലേക്ക് നയിക്കും. എന്നാൽ യുസിഫിന്റെ കാര്യത്തിൽ, സിടി സ്‌കാനിംഗിൽ, കഴുത്തിന് മുന്നിൽ, ശ്വാസനാളത്തിലെ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും മില്ലിമീറ്റർ അകലെ വളരെ മാരകമായ നിലയിലായിരുന്നു വെടിയുണ്ട എന്ന് മനസ്സിലായി. ഏതെങ്കിലും തരത്തിലുള്ള ചലനം കുട്ടിയുടെ നാഡീവ്യവസ്ഥയെയും ധമനികളെയും തകരാറിലാക്കും, അതിന്റെ ഫലമായി ശബ്ദശേഷി നഷ്ടപ്പെടാം, ആന്തരിക രക്തസ്രാവം മുതൽ മരണം വരെ സംഭവിക്കാം. ഈ കേസിന്റെ തീവ്രതയാണ് അതിവേഗം ശസ്ത്രക്രിയ നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത്’ എന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് സാജൻ കോശി പറഞ്ഞു.
പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. സാജൻ കോശി, കാർഡിയാക് സർജൺ ഡോ. ആബിദ് ഇഖ്ബാൽ, ഡോ. സുരേഷ് നായർ, സീനിയർ കൺസൾട്ടന്റ് അനസ്‌തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പൂർണമായും പുറത്തെടുത്തു.
‘രാജ്യങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് എല്ലാവരിലും മികച്ച ആതുരസേവനം എത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യുസിഫിന്റെ ചികിത്സയ്ക്കായി ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിന് നന്ദിയുണ്ടെന്നും, രാജ്യത്ത് നൽകാവുന്നതിൽ വച്ച് ഏറ്റവും മികച്ച ചികിത്സ യുസിഫിന് നൽകുവാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും’ ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള -തമിഴ്‌നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
മൂന്ന് മാസം നീണ്ടുനിന്ന സംഘർഷഭരിതമായ ദിനങ്ങൾ അഞ്ചുദിവസത്തികം മാറി. സർജറിക്ക് ശേഷമുള്ള അവസാനവട്ട ചെക്കപ്പുകൾക്ക് ശേഷം യുസിഫും കുടുംബവും സന്തോഷത്തോടെ തിരികെ ഒമാനിലേക്ക് മടങ്ങി.
Discussion about this post