കണ്ണൂർ : സിഐടിയു സമരങ്ങൾ പതിവായതോടെ സ്ഥാപനം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ച് സ്ഥാപനയുടമ. കണ്ണൂർ മാതമംഗലത്തെ ശ്രീപോർക്കലി സ്റ്റീൽസ് കർണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഉടമ ടി.വി. മോഹൻലാൽ പറഞ്ഞു. സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന നീണ്ട തൊഴിൽ സമരങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരുന്ന സ്ഥാപനമാണ് ശ്രീപോർക്കലി സ്റ്റീൽസ്. കേരളത്തിൽ സംരംഭകന് സ്ഥാപനം നടത്താൻ സിഐടിയു യൂണിയനും ചുമട്ടുതൊഴിലാളികളും അനുവദിക്കുന്നില്ലെന്നും ടിവി മോഹൻലാൽ ആരോപിച്ചു.
മാതമംഗലം ശ്രീപോർക്കലി സ്റ്റീൽസിൽ ചുമടിറക്കാൻ ഹൈക്കോടതിയിൽ നിന്ന് പ്രത്യേകം ഉത്തരവ് വാങ്ങിയിരുന്നു. എന്നാൽ സ്ഥാപനത്തിൽ സാധനം ഇറക്കാൻ രണ്ടുപേർക്ക് അനുവാദമുള്ള കോടതി വിധിപോലും നടപ്പാക്കാൻ പോലീസ് ഇടപെടുന്നില്ല. ഇതോടെ സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങളെ തടയുകയും ലോഡുമായി വന്ന ലോറി ഡ്രൈവറെ ആക്രമിക്കുകയുമാണ് ചെയ്യുന്നത്. സഹോദരനെയും സിഐടിയു ചുമട്ടുതൊഴിലാളികൾ മർദിച്ചു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പെരിങ്ങോം പോലീസ് എട്ട് കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് ഉണ്ടായില്ല. സിഐടിയു യൂണിയന്റെ ഒത്താശയോടെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് സംശയമുണ്ടെന്നും ടിവി മോഹൻലാൽ പറഞ്ഞു.
2020 മുതലാണ് മാതമംഗലത്ത് സ്ഥാപനം ആരംഭിക്കുന്നത്. എന്നാൽ സമരം കാരണം ഒരു തവണ മാത്രമേ ഇവിടെ ലോഡ് ഇറക്കാൻ സാധിച്ചിട്ടുള്ളൂ. ഇതോടെ സ്ഥാപനം നഷ്ടത്തിലായി. ഇനിയും കേരളത്തിൽ സംരംഭം തുടങ്ങാനോ ജീവിക്കാനോ സാധിക്കില്ലെന്നും അതിനാൽ ചിക്കമംഗളൂരുവിലേക്ക് താമസം മാറുകയാണെന്നും ഇയാൾ പറഞ്ഞു. പുതിയ സംരംഭത്തിന് പറ്റിയ അന്തരീക്ഷം അവിടെയാണ്.
കേരളത്തിൽ പാർട്ടിക്കാരുടെ സഹായമില്ലെങ്കിൽ ജീവിക്കാനോ സ്ഥാപനം നടത്താനോ സാധിക്കാത്ത അവസ്ഥയായി. തന്റെ സഹോദരനെയും സ്ഥാപനത്തിലെ തൊഴിലാളികളെയും അക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ ജില്ലാ പോലീസ് ആസ്ഥാനത്ത് താനും കുടുംബവും നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.













Discussion about this post