ശ്രീനഗർ : ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയ വാർത്ത മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരിലാണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. എന്നാൽ ഈ ശേഖരം ഉപയോഗപ്പെടുത്താൻ ഇന്ത്യയെ അനുവദിക്കില്ലെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭീകര സംഘടനകൾ. ജെയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ ഭീകര സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടാണ് ഭീഷണിയുമായെത്തിയത്.
ജമ്മു കശ്മീരിലെ പ്രകൃതി വിഭവങ്ങൾ ഇവിടെ നിന്നും കൊണ്ടുപോകാൻ ആരെയും അനുവദിക്കില്ല. ലിഥിയം ശേഖരം എടുക്കാൻ ശ്രമിച്ചാൽ അത് ആക്രമിച്ച് തകർക്കും. ഒരു ഇന്ത്യൻ സ്ഥാപനത്തെയും ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ നിന്ന് പിഎഎഫ്എഫ് ഭീകരർ അയച്ച കത്തിൽ പറയുന്നു.
ജമ്മു കശ്മീരിന്റെ വികസനത്തിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തെ പിഎഎഫ്എഫ് സ്വാഗതം ചെയ്യുന്നു. എന്നാൽ മേഖലയിലെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ ഒരു ഇന്ത്യൻ കമ്പനിയെയും അനുവദിക്കില്ല. ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
ഇപ്പോൾ കണ്ടെത്തിയ ശേഖരം ജമ്മു കശ്മീരിലെ ജനങ്ങളുടേതാണ്. അവരുടെ ഉന്നമനത്തിനായി അത് ഉപയോഗിക്കും. ഒരു വൃത്തികെട്ട ഹിന്ദുത്വവാദിയെയും നമ്മുടെ വിഭവങ്ങൾ മോഷ്ടിക്കാൻ അനുവദിക്കില്ല. ജമ്മു കശ്മീരിലേക്ക് വരാൻ ധൈര്യപ്പെടുന്ന ഇന്ത്യൻ കമ്പനികളെ തീർച്ചയായും ആക്രമിക്കും. ഈ വാക്ക് പാലിക്കാൻ തങ്ങൾ ഏതറ്റം വരെയും പോകുമെന്നും ഭീകര സംഘടന കത്തിൽ പറഞ്ഞു.
ജമ്മു കശ്മീരിലെ റെയ്‌സി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിലാണ് 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തുന്നത്.
Discussion about this post