ആലുവ: കള്ളപ്പണ ഇടപാട് കേസിൽ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
” ഈ കേസിൽ സർക്കാരിനും മുഖ്യമന്ത്രിക്കും യാതൊരു പങ്കും ഇല്ലെങ്കിൽ എന്തിനാണ് അവർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്. മുഖ്യമന്ത്രിയല്ലേ ഇതിനെല്ലാം മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ചല്ല മറുപടി നൽകേണ്ടത്. ചോദ്യങ്ങൾ ഉയരുമെന്ന കാര്യം തീർച്ചയാണ്. പ്രതിപക്ഷവും ജനങ്ങളും ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.
മുഖ്യമന്ത്രി സൗകര്യപൂർവ്വം എല്ലാം മറച്ചു വയ്ക്കുകയാണ്. ഇനി കുറച്ച് ദിവസത്തേക്ക് ഒന്നും മിണ്ടില്ല. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ വരുമ്പോൾ വാ തുറക്കില്ല. എന്നിട്ട് അദ്ദേഹത്തിന് സൗകര്യമുള്ളപ്പോൾ വന്ന് ആറ് മണിക്ക് വാർത്താ സമ്മേളനം നടത്തുമെന്നും” വി.ഡി.സതീശൻ പരിഹസിച്ചു.
Discussion about this post