ന്യൂഡൽഹി: രാമ സേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. മുൻ രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഭരണഘടന ബെഞ്ചിൻറെ കാര്യങ്ങൾ പൂർത്തിയായ ശേഷം അത് പട്ടികപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണെന്ന് ജനുവരി 19ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നിലവിൽ സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യം വിശകലനം നടത്തുകയാണെന്നും ഹർജിക്കാരന് താൽപ്പര്യമുണ്ടെങ്കിൽ, കൂടുതൽ ആശയങ്ങൾ സമർപ്പിക്കാമെന്നും മേത്ത വ്യക്തമാക്കി.
2019ൽ അന്നത്തെ സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ ഈ വിഷയത്തിൽ യോഗം വിളിച്ചിരുന്നുവെന്നും രാമ സേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ ശുപാർശ നൽകിയെന്നും സുബ്രഹ്മണ്യ സ്വാമി കോടതിയെ അറിയിച്ചിരുന്നു. സ്വാമിയുടെ ഹർജി ഫെബ്രുവരി രണ്ടാം വാരത്തിൽ പരിഗണിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തമിഴ്നാടിൻറെ തെക്ക്-കിഴക്കൻ തീരത്തുള്ള പാമ്പൻ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറൻ തീരത്തുള്ള മാന്നാർ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകളുടെ ഒരു നിർമിതിയാണ് രാമ സേതു.
Discussion about this post