തളിപ്പറമ്പ്: കുറുമാത്തൂർ വെള്ളാരംപാറയിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടുത്തം. ഇവിടെ സൂക്ഷിച്ചിരുന്ന നാനൂറോളം വാഹനങ്ങളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചതായി കരുതുന്നു. നാല് മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. കാറുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷ, ലോറികൾ, ബൈക്കുകൾ, ജെസിബി തുടങ്ങീ വിവിധ തരം വാഹനങ്ങളാണ് കത്തി നശിച്ചത്.
തളിപ്പറമ്പ്, മയ്യിൽ, ശ്രീകണ്ഠപുരം, പയ്യന്നൂർ, വളപട്ടണം, പഴയങ്ങാടി, പരിയാരം പോലീസ് സ്‌റ്റേഷനുകളിലെ വിവിധ കേസുകളിൽ പെട്ട വാഹനങ്ങളാണ് യാർഡിൽ സൂക്ഷിച്ചിരുന്നത്. തൊണ്ടിമുതലായ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. സമീപത്തെ പറമ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. രാവിലെ 11.30ഓടെ യാർഡിന്റെ കിഴക്ക് ഭാഗത്താിട്ടാണ് തീ ആദ്യം കണ്ടത്. മിനിറ്റുകൾക്കുള്ളിൽ തന്നെ തീ ഡംപിങ് യാർഡിലേക്ക് പടർന്നു. ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാൽ തീ വളരെ വേഗത്തിൽ തന്നെ മറ്റ് വാഹനങ്ങളിലേക്ക് പടർന്നു. സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് ഉടൻ തന്നെ പോലീസ് സ്‌റ്റേഷനിലും അഗ്നിരക്ഷാസേനയേയും വിവരം അറിയിച്ചു. യാർഡിന് അടുത്തുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്കും ഈ സമയത്തിനുള്ളിൽ തീ പടർന്നിരുന്നു.
ശക്തമായ പൊട്ടിത്തെറിയും തീയും പുകയും ഉണ്ടായിരുന്നതിനാൽ ഏറെ സമയമെടുത്താണ് തീയണയ്ക്കാനായത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന ഡീസലിനും പെട്രോളിനും തീ പിടിച്ചതിനാൽ വെള്ളത്തിൽ കെമിക്കൽ ഫോം കലർത്തിയാണ് സ്േ്രപ ചെയ്തത്. തീയണക്കാൻ ഒന്നരലക്ഷം ലിറ്ററിലധികം വെള്ളവും യാർഡിലെ വാഹനങ്ങളിൽ ഇന്ധനമുള്ളതിനാൽ 400 ലിറ്ററോളം ഫോമും ആണ് ഉപയോഗിച്ചത്. നാൽപ്പതോളം ജീവനക്കാരും പ്രദേശത്തെ തീ അണക്കാനായി പ്രയത്‌നിച്ചു.
പൊട്ടിത്തെറി ശക്തമായതോടെ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംസ്ഥാനപാതയിൽ വെള്ളാരംപാറ വഴിയുള്ള ഗതാഗതം പൂർണമായി അടച്ച് വാഹനങ്ങൾ വഴിതിരിച്ച് വിട്ടു. തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ, മട്ടന്നൂർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ സംഘം മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. റവന്യൂ വകുപ്പിൽ നിന്ന് വിട്ട് കിട്ടിയ രണ്ടേക്കറോളം സ്ഥലത്താണ് യാർഡുള്ളത്. വാഹനങ്ങൾ യാർഡിൽ അട്ടിയിട്ട് സൂക്ഷിച്ചതും നാശത്തിന്റെ വ്യാപ്തി കൂട്ടി. വാഹനങ്ങൾ നിർത്തിയിട്ട സ്ഥലത്തും സമീപത്തും വള്ളിപ്പടർപ്പും ഉണക്കപ്പുല്ലുകളും ഉള്ളതിനാൽ തീ എളുപ്പം പടർന്നു.
Discussion about this post