യൂട്യൂബ് ചാനലിൻ്റെ ഷൂട്ടിനു വേണ്ടി കൊച്ചി മറൈൻ ഡ്രൈവിൽ വന്നവരെ ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന വാർത്തയാണ് ഇന്നലെ മുതൽ. കാര്യം അഹിംസ വാദം ഒക്കെ ആണെങ്കിലും നാട്ടുകാർ പൊതു നിരത്തിൽ ചീത്ത വിളിച്ച് ഓടിച്ചു എന്ന വാർത്ത സത്യത്തിൽ സംതൃപ്തിയാണ് നൽകിയത്.
ചോദ്യങ്ങളും അഭിപ്രായങ്ങളും സിനിമ റിവ്യൂസും ഒക്കെയായി നമുക്ക് ഒരു സാധാരണ കാഴ്ച ആയി യൂട്യൂബേർസ് മാറിയ കാലത്തെ അസഹ്യമായ ഒരു അശ്ലീലം ആവുന്നുണ്ട് ചില ചാനലുകൾ. മൈക്കും ക്യാമറയും കൊണ്ട് മുഖത്തോട്ട് നീട്ടി കുസൃതി ചോദ്യം എന്ന ഓമന പേരിട്ടു ഇവർ വിളമ്പി വെക്കുന്ന അശ്ലീലങ്ങൾ കാണുമ്പോൾ അസഹ്യതയോടെ സ്ക്രോൾ ചെയ്തു പോകലാണ് പതിവ്.
ഉത്തരമായി എന്തേലും വളരെ നോർമൽ ആണെന്ന് കരുതിയിട്ടുണ്ടാവുമെങ്കിലും പ്രത്യക്ഷത്തിൽ ആദ്യം കത്തുന്നത് ദ്വയാർത്ഥമാകണം എന്ന് മനപ്പൂർവം കരുതി ഫ്രെയിം ചെയ്ത ചോദ്യങ്ങൾ.
പെണ്ണിന് രണ്ടും പശുവിനു നാലും എന്നൊക്കെ പറഞ്ഞ് മൈക്കും കൊണ്ട് ഇളിച്ചു നിൽക്കുമ്പോൾ ചമ്മലോടെ ഓടി മാറുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ ആണ് ഇതിൽ കൂടുതലും.
അവരുടെയൊക്കെ സമ്മതം വാങ്ങിയാണോ ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുന്നത് എന്ന് പൂർണമായി അറിവില്ല. ഇനി അല്ലെങ്കിൽ നിരുപദ്രവകരമായി തോന്നാവുന്ന ഈ ഡേർട്ടി ജോക്‌സ് ഒരു പക്ഷേ ചില വ്യക്തികളുടെ എങ്കിലും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം പ്രത്യേകിച്ച് സ്ത്രീകളുടെ.
വിദേശങ്ങളിലെ ട്രെൻഡ് നാട്ടിൽ നടപ്പിലാക്കാൻ ശ്രമിക്കും മുൻപ് സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചൊരു മിനിമം ബോധം വേണം
ഇന്ന് നീ കാരണം കുടുംബത്തിന്റെ മാനം പോയി ഇതോടെ അവസാനിപ്പിച്ചോണം. ഈ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങി പോകരുത് എന്ന ഒരു ആജ്ഞയിൽ സ്ത്രീകളുടെ പഠിപ്പും, തൊഴിലും, സഞ്ചാര സ്വാതന്ത്ര്യവും വരെ വിലക്കി ഇടാൻ അവകാശം തീറെഴുതി കിട്ടിയവരുള്ള നാടാണിത്.
ഇതിൽ ആസ്വദിക്കാൻ മാത്രം ഒരു തമാശയും ഇന്ന് വരെ കണ്ടിട്ടില്ല മറിച്ച് കടംകഥകൾ ഇഷ്ട്ടപ്പെടുന്ന കൊച്ചു പിള്ളേർ ഇതങ്ങനെ തന്നെ ആവർത്തിച്ചാൽ ഉള്ള അപകട സാധ്യതയെ കുറിച്ചുള്ള ആശങ്ക മാത്രമേ തോന്നാറുള്ളൂ..
സംഗതി മുഖത്തു നോക്കി ചോദിച്ച് അവരുടെ ആ ബുദ്ധിമുട്ട് അങ്ങ് തീർത്തു കൊടുത്ത ഓട്ടോക്കാർക്ക് ഇരിക്കട്ടെ കയ്യടി.
പണി എടുത്തു തിന്നാൻ ബുദ്ധിമുട്ടുള്ളവർ മൈക്കും പിടിച്ച് ഇറങ്ങി നാട്ടുകാരെ ബുദ്ധിമുട്ടിച്ചു ജീവിക്കുന്നതിന്റെ പേരല്ല യൂട്യൂബിംഗ്. അത് മാന്യമായി ചെയ്യുന്ന ലക്ഷ കണക്കിന് ആളുകൾ ചുറ്റുമുണ്ട്.അവരെ ഒന്നും ആരും കയ്യേറാനും വഴക്ക് പറയാനും നടക്കുന്നില്ലലോ.ഈ പാഠം ഒരു ആവശ്യം തന്നെ ആയിരുന്നു.
Discussion about this post