തിരുവനന്തപുരം: ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്ത ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആർഎസ്എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്ന് അദ്ദേഹം ചോദിച്ചു.
സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്‌തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണെന്ന് പിണറായി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം സന്ധിചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്‌നങ്ങൾ രാജ്യഭരണം നിയന്ത്രിക്കുന്ന ആർഎസ്എസിനുമുന്നിൽ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം വിചിത്രമാണ്.ആർഎസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികളെന്ന് പിണറായി പറഞ്ഞു.
Discussion about this post