കൊല്ലം: മൂന്നു തവണ കടിച്ച നായയെ സ്റ്റേഷനിൽ എത്തിച്ച് അന്വേഷണം നടത്തി കുറ്റം തെളിയിച്ച് പോലീസുകാർ. കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിലാണ് സംഭവം. പേരയം ഗ്രാമപഞ്ചായത്ത് അംഗം സിൽവി സെബാസ്റ്റ്യനെയാണ് അയൽവാസിയായ വിജയന്റെ വളർത്തുനായ മൂന്ന് തവണ കടിച്ചത്. തുടർന്ന് പഞ്ചായത്തംഗം പോലീസിൽ പരാതി നൽകി.
അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ഉടമസ്ഥനായ കാഞ്ഞിരകോട് സ്വദേശി വിജയനെ സ്റ്റേഷനിൽ വിളിപ്പിച്ചു. പോലീസ് കാര്യങ്ങൾ തിരക്കി. തന്റെ നായ അക്രമകാരി അല്ല എന്ന ഉടമയുടെ വാദത്തെ തുടർന്ന് നായയെ സ്റ്റേഷനിൽ ഹാജരാക്കാൻ കുണ്ടറ പോലീസ് എസ് എച്ച് ഒ ഉത്തരവിടുകയായിരുന്നു
കേസിന് തുമ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനിൽ ഹാജരാക്കിയ നായയെ നിരീക്ഷണത്തിലാക്കാൻ എസ്.എച്ച്.ഒ ഉത്തരവിട്ടു. അങ്ങനെ ഒരു മണിക്കൂറോളം പോലീസ് പ്രതിയായ നായയെ നിരീക്ഷിച്ചു. നിരീക്ഷണത്തിനൊടുവിൽ നായ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെ നായയെ കൂട്ടിലിട്ട് വളർത്താൻ പോലീസ് ഉത്തരവിട്ടു. വളർത്താമെന്ന് ഉടമയെ കൊണ്ട് എഴുതി വാങ്ങിയ ശേഷം പിഴയടപ്പിക്കാതെ നായെയും യജമാനനെയും സ്റ്റേഷനിൽ നിന്നും വിട്ടയച്ചു.
Discussion about this post