കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ലഹരിമാഫിയ സംഘം മയക്കുമരുന്ന കാരിയറായി തന്നെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ഒൻപതാം ക്ലാസുകാരി രംഗത്ത്. മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയ്യിൽ ഉണ്ടാക്കിയ മുറിവിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് മാഫിയയുടെ കുരുക്കിനെ പറ്റി തിരിച്ചറിഞ്ഞത്.
ഏഴാം ക്ലാസിൽ പഛിക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാക്കൾ ആദ്യം സൗജന്യമായി മയക്കുമരുന്ന് നൽകിയെന്നും അടിമ ആയപ്പോൾ മയക്കുമരന്ന് കാരിയറായെന്നും പെൺകുട്ടി വെളിപ്പെടുത്തി. ലഹരിമരുന്നിന് പണം ആവശ്യപ്പെട്ട് തുടങ്ങിയപ്പോഴാണ് പെൺകുട്ടി തന്നെയാണ് അങ്ങോട്ട് ഇത് വിറ്റാൽ പൈസ കിട്ടുമോ എന്ന് ചോദിച്ചത്. ഒരു ഗ്രാം ‘മരുന്ന്’ വിറ്റാൽ 1500 രൂപ കിട്ടുമെന്ന് പറഞ്ഞതോടെ, പെൺകുട്ടി ലഹരിമരുന്ന് കാരിയർ ആകാനും തീരുമാനിച്ചു. ബംഗളൂരുവിൽ പിതാവിനൊപ്പം എത്തിയപ്പോഴും അവിടെ നിന്നും ഇടപാടുകാർ മുഖേനെ മറ്റൊരാളെ പരിചയപ്പെട്ടതായും രണ്ടു ഗ്രാമോളം മയക്കുമരുന്ന് കൊണ്ടുവന്നിരുന്നതായും പെൺകുട്ടി പറയുന്നു.
കൈയ്യിലെ മുറിവ് മാനസികപ്രശ്‌നമെന്നാണ് അദ്ധ്യാപകർ കരുതിയത്. എന്നാൽ ലഹരി തലയ്ക്ക് പിടിക്കാനായി കൈയിൽ മുറിവുണ്ടാക്കിയാണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെന്ന് പെൺകുട്ടി പറയുന്നു. തന്നെ പോലെ സ്‌കൂളിലെ നിരവധി പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പെൺകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനൻ വ്യക്തമാക്കി.
Discussion about this post