കണ്ണൂർ : ആധുനിക കൃഷിരീതി പഠിക്കാൻ സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘം തിരിച്ചെത്തി. എന്നാൽ സന്ദർശനത്തിനിടെ കാണാതായ ഉളിക്കൽ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യനെ ഇനിയും കണ്ടെത്താനായിട്ടില്ല. 27 പേരാണ് ഇവിടെ നിന്ന് പോകുമ്പോൾ സംഘത്തിലുണ്ടായിരുന്നത്. എന്നാൽ മടങ്ങിവന്നത് 26 പേർ മാത്രമാണ്.
ബാം വാങ്ങണമെന്നും ബീച്ചിൽ പോകണമെന്നും പറഞ്ഞാണ് കുര്യൻ മുങ്ങിയത് എന്ന് സംഘത്തിൽപ്പെട്ട കർഷകർ പറഞ്ഞു. പരിപാടികൾക്ക് ശേഷം എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കാൻ പോകാനിരിക്കെ ഇയാൾ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
പരിപാടി കഴിഞ്ഞാൽ എല്ലാവരും ഹോട്ടലിലേക്ക് തിരിച്ച് വരികയാണ് പതിവ്, ഉറങ്ങുന്നതിന് മുൻപ് വേണമെങ്കിൽ കുറച്ച് നേരെ ഒന്നിച്ചിരിക്കും. പരിചയമില്ലാത്ത സ്ഥലമായതിനാൽ ആരും പുറത്ത് പോകാറില്ല. എന്നാൽ ബിജു അന്ന് ഓരോ കാരണങ്ങൾ പറഞ്ഞിരുന്നു. പിന്നീട് കണ്ടിട്ടില്ലെന്നും സംഘത്തിലിണ്ടായിരുന്ന കർഷകർ വ്യക്തമാക്കി.
ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽ നിന്നാണ് ബിജു കുര്യനെ കാണാതായത്. ഭക്ഷണം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് ബസിൽ കയറാൻ തയ്യാറായി വന്ന ബിജു കുര്യൻ പുറത്ത് പോകണമെന്ന് പറഞ്ഞു. അനുമതിയില്ലാതെ പോകാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ അപ്രത്യക്ഷനാകുകയായിരുന്നു.
ബിജു കുര്യന്റെ വിസയ്ക്ക് മെയ് എട്ടുവരെ കാലാവധിയുണ്ടെങ്കിലും സർക്കാർ ശുപാർശയിലായതിനാൽ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വിസ റദ്ദാകാനുള്ള സാധ്യതയും അധികൃതർ ആരായുന്നുണ്ട്.
അതേസമയയം ഇയാൾ കർഷകനല്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ബിജു പാർട്ടി അനുഭാവിയാണെന്നും ഇത് മുതലെടുത്താണ് കർഷക സംഘത്തിൽ കയറിക്കൂടിയത് എന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതോടെ ബിജു മുങ്ങിയതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് വ്യക്തമാണ്.
Discussion about this post