കണ്ണൂർ: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾക്കും മാസ്‌കിനും വിലക്ക് കൽപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്ന് പേരടി പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
‘കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ…നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും…നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളേജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയത്. കറുത്ത വസ്ത്രം ഒഴിവാക്കാനാണ് കോളജ് അധികൃതർ നിർദേശിച്ചത്. കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചുകൊണ്ട് പരിപാടിക്ക് വരരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർത്ഥികൾക്ക് നൽകിയ നിർദേശം. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തിവിടുകയുള്ളു എന്നും കോളജ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പോലീസ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ പ്രതികരിച്ചിരുന്നത്.
Discussion about this post