എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടരും. നാല് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടു. കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇഡിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ വിശദാംശങ്ങൾക്കും വിശദമായ അന്വേഷണത്തിനും ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിൽ ശിവശങ്കറിനുള്ള പങ്ക് വലുതാണ്. അതിനാൽ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആയിരുന്നു ആവശ്യം. അതേസമയം നാല് ദിവത്തിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ കോഴക്കേസിൽ നിർണായക നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. വരും ദിവസങ്ങളിൽ ശിവശങ്കറിനൊപ്പമിരുത്തി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. പുറത്ത് വന്ന വാട്‌സ് ആപ്പ് ചാറ്റുകളിൽ ഉൾപ്പെടെ അന്വേഷണ സംഘം വ്യക്തത തേടും.
Discussion about this post