മലപ്പുറം: ആർഎസ്എസുമായി മുസ്ലീം സംഘടനകൾ ചർച്ച നടത്തി എന്ന റിപ്പോർട്ടിനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത്. ഇന്ത്യൻ മുസ്ലീമുകളിൽ പിന്തുണയില്ലാത്ത സമൂഹമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ആർഎസ്എസുമായാണോ ഇന്ത്യൻ മുസ്ലീമിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതെന്നും കെ.ടി ജലീൽ ചോദിച്ചു. ആർഎസ്എസുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. പക്ഷേ ജമാഅത്തെ ഇസ്ലാമി ചർച്ച ചെയ്തത് ഇന്ത്യയിലെ മുസ്ലിമിനെ കുറിച്ചാണ്. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലീമിനായി ഈ ചർച്ച ജമാഅത്തെ ഇസ്ലാമി നടത്തിയത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐഎം മുസ്ലീമുകളുടെ അമ്മാവനാവണ്ട എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്തിനാണ് മുസ്ലീമുകളുടെ വാപ്പയാവുന്നതെന്നും മുസ്ലീമിന് സിപിഐഎം പിന്തുണ വേണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും കെ.ടി ജലീൽ ചോദിച്ചു.
മത ന്യൂനപക്ഷങ്ങളോടുളള സിപിഐഎം നിലപാട് വോട്ട് പ്രതീക്ഷിച്ചല്ല. സിപിഐഎമ്മിനെ മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന് അവതരിപ്പിക്കാനുള്ള ജമാഅത്തെ ഇസ്ലാമി നിലപാട് അപലപിക്കേണ്ടതാണ്. ഇന്ത്യൻ മുസ്ലീമിന്റെ വാപ്പയാണന്നെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ തോന്നൽ. ഇപ്പോൾ നടത്തിയ ചർച്ച ആർഎസ്എസിനോടുളള ഭയം കൊണ്ട് മാത്രമാണെന്നും കെ ടി ജലീൽ വിമർശിച്ചു.
ആർഎസ്എസുമായുള്ള ചർച്ച എന്ന പേരിൽ സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളർത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഇന്ന് കുറ്റപ്പെടപത്തിയിരുന്നു ആർഎസ്എസുമായുള്ള ചർച്ച വിവാദമാക്കിയതിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആരോപണം. ഇപ്പോൾ നടക്കുന്നത് വില കുറഞ്ഞ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ ജമാ അത്തെ ഇസ്ലാമി വിമർശനം ഇസ്ലാമോഫോബിയ ആണെന്നും കേരള അസിസ്റ്റന്റ് അമീർ മുജീബ് റഹ്‌മാൻ കുറ്റപ്പെടുത്തി.
Discussion about this post