നാഗ്പൂർ: ഫിലിപ്പീൻസ് നാവികസേനാംഗങ്ങൾക്ക് ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈലിന്റെ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകി ഇന്ത്യൻ നാവികസേന. ഫിലിപ്പീൻസിലെ 21 അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.ഫിലിപ്പീൻസ് നാവികസേനാംഗങ്ങൾക്ക് നാഗ്പൂരിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ വച്ചാണ് പരിശീലനം നൽകിയത്. ജനുവരി 23 മുതൽ ഫെബ്രുവരി രണ്ടാം വാരം വരെയായിരുന്നു പിശീലനം.
ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് സൂപ്പർസോണിക് മിസൈൽ വാങ്ങാനുള്ള കരാറിൽ ഫിലിപ്പീൻസ് ഒപ്പുവെച്ച് ഒരു വർഷത്തിന് ശേഷമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നാഗ്പൂരിൽ ബ്രഹ്‌മോസ് മിസൈൽ പരിശീലന കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം, ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ ഫിലിപ്പീൻസ് മറൈൻ ഉദ്യോഗസ്ഥർക്ക് മിസൈൽ ബാഡ്ജുകൾ സമ്മാനിച്ചു.
”നിങ്ങൾ ഇവിടെ താമസിക്കുന്ന കാലത്ത് പുലർത്തിയിരുന്ന സൗഹൃദബന്ധങ്ങൾ എപ്പോഴും വിലമതിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്ന്” ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി.
ഫിലിപ്പീൻസ് നാവിക സേനയ്ക്കായി ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് വാങ്ങുന്നത്. ഇന്ത്യയും, ഫിലിപ്പീൻസും തമ്മിൽ വർഷങ്ങളുടെ പ്രതിരോധ ബന്ധമാണുള്ളത്. അത് കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതാകും പുതിയ കരാർ. മൂന്ന് ബാറ്ററി മിസൈലുകളാണ് ഫിലിപ്പീൻസിന് വിൽക്കുക.
ഇന്ത്യയും റഷ്യയും ചേർന്നാണ് ബ്രഹ്‌മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണ് വേഗം. 2500 കിലോയാണ് ഭാരം. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാമെന്നതാണിതിന്റെ മറ്റൊരു സവിശേഷത. 300 കിലോമീറ്ററാണ് സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ക്രൂയിസ് മിസൈലായ ഇത് മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ തൊടുത്ത് കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനാകും.
Discussion about this post