കീവ്: യുക്രെയ്ൻ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷ റഷ്യ ഉറപ്പു നൽകിയിരുന്നുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ മുൻ വക്താവും റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്വദേവ്. ബൈഡൻ യുക്രെയ്‌നിൽ എത്തുന്ന സമയം റോക്കറ്റ്, വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്ന പുടിന്റെ വ്യക്തിപരമായ ഉറപ്പിന്റെ ബലത്തിലാണ് ജോ ബൈഡൻ കീവിൽ എത്തിയതെന്നാണ് മെദ്വദേവ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്.
ജോ ബൈഡൻ യുക്രെയ്‌നിൽ എത്തുന്നത് പരിഗണിച്ച് അന്നേ ദിവസം വെടിനിർത്തലിന് റഷ്യൻ സൈന്യത്തിന് നിർദ്ദേശം നൽകുകയായിരുന്നു. യുക്രെയ്‌ന് ആയുധങ്ങൾ കൈമാറുന്ന നാറ്റോ അംഗരാജ്യങ്ങളുടെ നിലപാടിനേയും മെദ്വദേവ് വിമർശിച്ചു. ” അമേരിക്ക ധാരാളം ആയുധങ്ങൾ യുക്രെയ്‌ന് കൈമാറിയിട്ടുണ്ട്. സെലൻസ്‌കി അതിന്റെ പേരിൽ അവരോട് വലിയ കൂറ് പുലർത്തുന്നുണ്ട്. പുതിയ ആയുധങ്ങൾ കൈമാറുന്നതിനെ കുറിച്ച് തീർച്ചയായും ഇരു നേതാക്കളും തമ്മിൽ സംസാരിച്ചിട്ടുണ്ട്.
നാറ്റോ അംഗരാജ്യങ്ങൾ ആയുധങ്ങൾക്ക് പുറമെ പണവും കീവിലേക്ക് എത്തിക്കുന്നുണ്ട്. യുദ്ധ ടാങ്കുകളും പീരങ്കികളും യുക്രെയ്‌ന് അമേരിക്ക കൈമാറിയതിനേയും മെദ്വദേവ് വിമർശിക്കുന്നു. ആയുധങ്ങൾ ആവശ്യമാണെങ്കിലും ആളുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് മെദ്വദേവ് പരിഹസിച്ചു. ” യുക്രെയ്‌നിൽ നിന്നുള്ള കുടിയേറ്റക്കാരുമായി ഞാൻ സംസാരിച്ചു. അവർ പട്ടണങ്ങളിലും ആൾക്കൂട്ടമുള്ള മേഖലകളിലും ഷെല്ലാക്രമണം നടത്തുന്നതിനാൽ യുക്രെയ്ൻ ജനത സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വ്യാപകമായി പലായനം ചെയ്യുകയാണെന്നും” മെദ്വദേവ് പറഞ്ഞു.
Discussion about this post