മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെ വിമർശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഭീകരാക്രമണത്തിൽ പങ്കാളികളായവർ പാകിസ്താനിൽ നിന്നാണ് എത്തിയതെന്നും, അവരിപ്പോൾ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നുമാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. പ്രശസ്ത ഉറുദു കവി അഹമ്മദ് ഫായിസിന്റെ സ്മരണയ്ക്കായി ലാഹോറിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അക്തർ.
ഞാൻ ബോംബെയിൽ നിന്നാണ് വരുന്നത്. ഞങ്ങൾ എല്ലാവരും ബോംബെയിലുണ്ടായ ആക്രമണത്തിന് സാക്ഷികളാണ്. 2008 നവംബർ 26ന് മുംബൈയിൽ ആക്രമണം നടത്തിയ ഭീകരർ നോർവേയിൽ നിന്നോ ഈജിപ്തിൽ നിന്നോ വന്നവരല്ല. അവർ പാകിസ്താനിൽ നിന്നാണ് വന്നത്, ആക്രമണത്തിൽ പങ്കാളികളായവർ നിങ്ങളുടെ രാജ്യത്ത് തന്നെ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഇന്ത്യക്കാരനായ ഞാൻ നിങ്ങളോട് ഇതേക്കുറിച്ച് പരാതിപ്പെട്ടതിന്റെ പേരിൽ നിങ്ങൾ അസ്വസ്ഥരാകരുത്.
പാകിസ്താൻ കലാകാരന്മാരെ ഇന്ത്യ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യാറുണ്ട്. പക്ഷേ പാകിസ്താൻ ഒരിക്കലും ഇന്ത്യൻ ഗായകനെ ക്ഷണിച്ചിട്ടില്ല. നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ തുടങ്ങീ നിരവധി പാകിസ്താൻ കലാകാരന്മാർ ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പാകിസ്താനിൽ ഒരിക്കലും ലതാ മങ്കേഷ്‌കർ പരിപാടി നടത്തിയിട്ടില്ല. ഇന്ത്യക്കാരുടെ അഭിമുഖങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും പാകിസ്താന്റെ ടിവിയിൽ കണ്ടിട്ടുണ്ടോ. പക്ഷേ ഇന്ത്യയിൽ അത് കാണിക്കാറുണ്ടെന്നും” ജാവേദ് അക്തർ പറഞ്ഞു.
Discussion about this post