ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ വധഭീഷണിയുമായി ഖാലിസ്ഥാൻ ഭീകര നേതാവ്. ഖാലിസ്ഥാൻ അനുബന്ധ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമ്രിത്പാൽ സിംഗാണ് ഭീഷണി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്. ”ഞങ്ങളെ ഒതുക്കാൻ ശ്രമിച്ചാൽ അമിത് ഷായ്ക്ക് ഇന്ദിര ഗാന്ധിയുടെ വിധിയായിരിക്കും” എന്ന് അമ്രിത്പാൽ പറഞ്ഞു.
പഞ്ചാബിലെ മോഗ ജില്ലയിലെ ബുദ്ധ്സിംഗ് വാല ഗ്രാമത്തിൽ വെച്ചാണ് വധഭീഷണി മുഴക്കിയത്. ”ഇന്ദിര ഗാന്ധി ഒരിക്കൽ ഞങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു, അന്ന് എന്താണ് സംഭവിച്ചത്? ഇനി അമിത് ഷായ്ക്ക് വേണമെങ്കിൽ് തന്റെ ആഗ്രഹം നിറവേറ്റി നോക്കാം” എന്ന് അമ്രിത്പാൽ സിംഗ് പറഞ്ഞു.
പഞ്ചാബിലെ ഖാലിസ്ഥാൻ അനുകൂലികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് അമിത് ഷാ അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാദ്ധ്യമ പ്രതിനിധി ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അമ്രിത്പാൽ. പഞ്ചാബിലെ കൊച്ചു കുട്ടികൾ പോലും ഖാലിസ്ഥാനെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നതെന്നും സിംഗ് അവകാശപ്പെട്ടു.
‘ഞങ്ങൾ ഞങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്, മറ്റാരുടെയും സ്വത്തല്ല. 500 വർഷത്തിലേറെയായി നമ്മുടെ പൂർവികർ ഈ മണ്ണിൽ രക്തം ചൊരിയുകയാണ്. എത്രയോ പേർ ത്യാഗങ്ങൾ സഹിച്ചു. ഈ ഭൂമിയുടെ അവകാശികൾ ഞങ്ങളാണ്. അത് ആർക്കും തട്ടിയെടുക്കാനാവില്ല. ഇന്ദിരയ്ക്കോ മോദിക്കോ അമിത് ഷായ്ക്കോ അത് മാറ്റാൻ സാധിക്കില്ല. ലോകമെമ്പാടുമുള്ള സൈന്യങ്ങൾ വരട്ടെ, മരിച്ചാലും ഞങ്ങളുടെ ആവശ്യം ഒരിക്കലും ഉപേക്ഷിക്കില്ല’ അമ്രിത്പാൽ പറഞ്ഞു.
Discussion about this post