കൊഹിമ: 2024 ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. നാഗാലാൻഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. 2024 ലെ തിരഞ്ഞെടുപ്പിൽ സഖ്യരൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പല കക്ഷികളുമായും ആശയവിനിമയം നടത്തിവരികയാണെന്നും മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
നാഗാലാൻഡിൽ കഴിഞ്ഞ 20 വർഷമായി ബിജെപിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും സംസ്ഥാനത്തെ കൊളളയടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. ജനങ്ങൾക്ക് നീതി ലഭിക്കുകയും അവർക്ക് വേണ്ടി സർക്കാർ പ്രവർത്തിക്കുകയും ചെയ്യേണ്ട ഉചിതമായ സമയമാണിതെന്ന് ഖാർഗെ പറഞ്ഞു. നാഗാലാൻഡിലെ തനത് സംസ്‌കാരം നശിപ്പിക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയം ലക്ഷ്യം വെയ്ക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു.
എംഎൽഎമാരെ സമ്മർദ്ദം ചെലുത്തിയാണ് ആറോ ഏഴോ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കർണാടകയിൽ ഉൾപ്പെടെ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാൽ പതിനെട്ടോളം എംഎൽഎമാരെ രാജിവെപ്പിച്ച് ബിജെപി സർക്കാരുണ്ടാക്കുകയായിരുന്നുവെന്നും ഖാർഗെ ആരോപിച്ചു. ഇക്കാര്യം പരാമർശിക്കവേയാണ് 2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം വിജയിക്കുമെന്നും 100 മോദിമാരും അമിത് ഷാ മാരും വിചാരിച്ചാലും ജനാധിപത്യവും ഭരണഘടനയും കൈവിടില്ലെന്നും ഖാർഗെ പറഞ്ഞത്.
Discussion about this post