കണ്ണൂർ: ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിൽ നിന്ന് കാണാതായ ഇരിട്ടി കെ.പി.മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങൾ ഒന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം ബിജു കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടർച്ചയായി ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ല, അയക്കുന്ന സന്ദേശങ്ങൾക്കും മറുപടി നൽകുന്നില്ല. അവസാനമായി ബിജു ഓൺലൈനിൽ ഉണ്ടായിരുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.
ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സഹോദരൻ ബെന്നി പറഞ്ഞു. ഇസ്രയേലിൽ പോയാൽ തിരിച്ചു വരില്ലെന്നോ, അവിടെ തന്നെ തുടരാനോ പദ്ധതിയുണ്ടെന്ന് ബിജു കുടുംബാംഗങ്ങളോട് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
കർഷകനെ കാണാതായത് സംബന്ധിച്ച് പായം കൃഷി ഓഫീസർ കെ.ജെ.രേഖ പ്രാഥമിക റിപ്പോർട്ട് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇസ്രയേൽ യാത്രയ്ക്ക് വേണ്ടി ബിജു കുര്യനെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. മെയ് എട്ട് വരെയാണ് വിസയുടെ കാലാവധി. വിസ കാലാവധി അവസാനിക്കുന്നത് വരെ കാത്തിരിക്കരുതെന്നും എത്രയും വേഗം റദ്ദാക്കി ബിജുവിനെ നാട്ടിലേക്ക് അയയ്ക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് .
Discussion about this post