ന്യൂഡൽഹി: നെവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഓയിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിമാനം വഴി തിരിച്ചു വിട്ടു. സ്‌റ്റോക്‌ഹോമിലേക്കാണ് വിമാനം വഴി തിരിച്ച് വിട്ടത്. വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
ബോയിംഗ് 777-300 ഇആർ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിലാണ് ഓയിൽ ചോർച്ച ഉള്ളതായി കണ്ടെത്തിയതെന്ന് മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഓയിൽ ചോർച്ച കണ്ടെത്തിയ എഞ്ചിൻ അടച്ചതിന് ശേഷമാണ് വിമാനം സുരക്ഷിതമായി സ്റ്റോക്ക്‌ഹോമിൽ ഇറക്കിയത്.
എഞ്ചിൻ 2ന്റെ ഡ്രെയിൻ മാസ്റ്റിൽ നിന്ന് എണ്ണ പുറത്തേക്ക് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധന പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇതിന് ശേഷം മാത്രമേ പറയാനാകൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതിന് ശേഷമാണ് യാത്ര തുടർന്നത്.
Discussion about this post