മൂവാറ്റുപുഴ : ഇപ്പോൾ കിട്ടുന്ന അടി ഭാവിയിൽ ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തനിക്ക് കുറേയെറെ തല്ല് കിട്ടിയിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതെല്ലാം പതിവാണെന്നും മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പോലീസ് മർദനമേറ്റ് കീറിയ മുണ്ടും ഷർട്ടുമായി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എൽദോ ബാബു വട്ടക്കാവനോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘എനിക്കും കുറെയേറെ തല്ലും അടിയും ഒക്കെ കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ പതിവാണ്.. കാര്യമാക്കേണ്ട. ഭാവിയിലേക്ക് ഇതൊക്കെ ആവശ്യമായി വരും’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി പങ്കെടുത്ത ഫോക്കസ് സ്‌കൂൾ പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് എൽദോ ബാബു കീറിയ മുണ്ടും ഷർട്ടുമായി എത്തിയത്. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത ശേഷം നേരിട്ട് ചടങ്ങിനെത്തുകയായിരുന്നു. ചടങ്ങ് പൂർത്തിയായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മന്ത്രി കാര്യം തിരക്കിയത്. പോലീസ് ലാത്തിചാർജിനിടെ സംഭവിച്ചതാണെന്ന് പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ഉപദേശം.
Discussion about this post