തിരുവനന്തപുരം : ഇസ്രായേൽ സന്ദർശനത്തിന് പോയ തീർത്ഥാടക സംഘത്തിൽ നിന്ന് ആറ് പേരെ കാണാതായി. ഈ മാസം എട്ടിന് കേരളത്തിൽനിന്ന് തിരിച്ച 26 അംഗ തീർത്ഥാടക സംഘത്തിൽപ്പെട്ട അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറു പേരെയാണ് കാണാതായത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉപേക്ഷിച്ചാണ് ഇവർ അപ്രത്യക്ഷമായത് എന്ന് യാത്രയ്ക്കു നേതൃത്വം നൽകിയ നാലാഞ്ചിറയിലുള്ള പുരോഹിതൻ നൽകിയ പരാതിയിൽ പറയുന്നു.
2006 മുതൽ പുരോഹിതൻ മറ്റ് നാടുകളിലേക്ക് തീർഥാടകയാത്രകൾ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസി മുഖേനയാണ് ഇത്തവണ യാത്ര സംഘടിപ്പിച്ചത്. ഈജിപ്ത്, ഇസ്രയേൽ, ജോർദാൻ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.
ഫെബ്രുവരി 11-നാണ് സംഘം ഇസ്രയേലിൽ എത്തിയത്. 14-ന് എൻകരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽവെച്ച് മൂന്നു പേരും 15-ന് പുലർച്ചെ ബെത്ലഹേമിലെ ഹോട്ടലിൽനിന്നു മറ്റു മൂന്നു പേരും അപ്രത്യക്ഷരായതായി പരാതിയിൽ വെളിപ്പെടുത്തുന്നു. തുടർന്ന് ഇസ്രയേൽ പോലീസ് ഹോട്ടലിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ഇസ്രായേലിൽ കൃഷി പഠിക്കാൻ സർക്കാർ അയച്ച സംഘത്തിൽ നിന്ന് ഒരു കർഷനെ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിൽ വെച്ച് നേരത്തെയും ആളുകളെ കാണാതായിട്ടുണ്ടെന്ന പരാതി ലഭിക്കുന്നത്.
Discussion about this post