ഗുരുഗ്രാം: ആളുകൾക്കിടയിൽ വലിയൊരു ഭീതി സൃഷ്ടിച്ച് കൊണ്ടാണ് കൊറോണക്കാലം കടന്നു പോയത്. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷം ലോകം ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. എന്നാൽ ഇതിൽ പെടാത്ത ഒരു ചെറിയ വിഭാഗം ഇപ്പോഴും ഉണ്ട്. ഗുരുഗ്രാമിൽ ഒരു സ്ത്രീ കൊറോണ ഭീതിയെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി പത്ത് വയസ്സ് പ്രായമുള്ള മകനോടൊപ്പം വീടിനുള്ളിൽ അടച്ചു പൂട്ടിക്കഴിയുകയായിരുന്നു.
അടുത്തിടെയാണ് ഇവരുടെ വിവരം പുറംലോകം അറിയുന്നത്. ഭർത്താവ് തന്നെ ഈ വിവരം അധികാരികളെ അറിയിച്ചത്. ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് ഇരുവരേയും മോചിപ്പിച്ചു.
മാരുതി കുഞ്ചിലെ താമസക്കാരിയായ മുൻമുൻ മജ്ഹിയാണ് കൊറോണയെ പേടിച്ച് കഴിഞ്ഞ മൂന്ന് വർഷമായി വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞത്. 10 വയസ്സുള്ള മകനേയും ഇവർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. 2020ൽ ലോക്ഡൗൺ നിയന്ത്രങ്ങൾ ഒഴിവാക്കിയതോടെ ഇവരുടെ ഭർത്താവ് ജോലിക്കായി പോയി തുടങ്ങി.
എന്നാൽ ജോലിക്ക് പോയി തിരികെ എത്തിയ ഭർത്താവ് സുജൻ മാജിയേയും ഇവർ തിരികെ വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇതോടെ ഭാര്യയും മകനും താമസിക്കുന്ന വീടിനടുത്ത് തന്നെ മറ്റൊരു വീട് വാടകയ്‌ക്കെടുത്ത് സുജൻ താമസം ആരംഭിച്ചു. പിന്നീട് വീഡീയോ കോൾ വഴി മാത്രമേ സുജന് സ്വന്തം ഭാര്യയേയും മകനേയും കാണാൻ സാധിച്ചിട്ടുള്ളു.
ഭാര്യ താമസിക്കുന്ന വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി നൽകുന്നത് സുജൻ ആണ്. വീടിന് മുൻപിലായി സാധനങ്ങൾ വച്ച ശേഷം തിരികെ പോകുന്നതായിരുന്നു ഇയാളുടെ രീതി. ഗ്യാസ് സിലിണ്ടർ മാറ്റേണ്ട ആവശ്യം വന്നതോടെ ഗ്യാസിന്റെ ഉപയോഗം നിർത്തി ഇൻഡക്ഷൻ സ്റ്റൗ ആണ് മുൻമുൻ ഉപയോഗിക്കുന്നത്. പല തവണ ഭാര്യയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ വന്നതോടെയാണ് അധികാരികളെ സമീപിക്കാൻ സുജൻ തീരുമാനിക്കുന്നത്. വീടിന്റെ വാതിൽ തകർത്താണ് ഇവർ അകത്ത് കയറിയത്. ഭാര്യയ്ക്കും കുട്ടിക്കും കൗൺസിലിംഗ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post