കൊല്ലം: ജലാഗതഗത വകുപ്പ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്. ജീവനക്കാരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അധികാരികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജലഗതാഗത വകുപ്പ് കൊല്ലം സ്റ്റേഷനിലെ ലാസ്‌കർ സജിത്താണ് ആത്മഹത്യ ചെയ്തത്. ജലഗതാഗത വകുപ്പിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആത്മഹത്യയായിരുന്നു സജിത്തിന്റേത്.
ഇരു ജീവനക്കാരെയും വകുപ്പ് കൊന്നതാണെന്ന് എൻജിഒ സംഘ് പ്രതികരിച്ചു. ഓൺലൈൻ സ്ഥലം മാറ്റത്തിന്റെ പേരിൽ ജീവനക്കാർക്ക് അർഹതപ്പെട്ട സ്ഥലംമാറ്റം മേലധികാരികൾ നിഷേധിക്കുന്നു. 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർ ഉണ്ട്. ഇവർക്ക് ടോയ്‌ലറ്റ് സൗകര്യം പോലും നിഷേധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
യൂണിഫോം ഏകീകരണം എന്ന് പറഞ്ഞ് ജീവനക്കാരെ അധികാരികൾ കോമാളിവേഷം കെട്ടിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നു. ഇവർക്കെതിരെ സ്വന്തം ജീവൻ നൽകി പ്രതിഷേധിച്ച വ്യക്തിയാണ് സജിത്. വകുപ്പിലെ അധികാരികൾ അധികാരം തോന്നിവാസത്തിനായി ഉപയോഗിക്കരുതെന്നും എൻജിഒ സംഘ് മുന്നറിയിപ്പ് നൽകി.
കോടികളാണ് വകുപ്പിന് ലഭിക്കുന്നത്. ഇതുപയോഗിച്ച് വാങ്ങിച്ച പല ബോട്ടുകളും ഇപ്പോൾ കട്ടപ്പുറത്താണ്. ഇതിൽ അന്വേഷണം നടത്തിയാൽ വൻ അഴിമതി വ്യക്തമാകും. എന്നാൽ ഇവർക്കൊന്നും ഒരു പ്രശ്‌നവുമില്ല. വകുപ്പിൽ പീഡിപ്പിക്കപ്പെടുന്നത് സാധാരണക്കാർ ആണ്. ഒരു രൂപയുടെ അഴിമതി ചെയ്യാത്തവനെ ശിക്ഷിക്കുമ്പോൾ അവനും ഒരു കുടുംബം ഉണ്ട് ആത്മാഭിമാനം ഉണ്ടെന്ന് ഓർക്കണം.
സജിതിനെ കൊന്നത് മേലധികാരികളാണ്. സജിത് വിപ്ലവകാരിയാണ് നിങ്ങളുടെ കാൽക്കൽ വന്ന് യാചിക്കാൻ നിൽക്കാതെ മരണത്തെ വരിച്ചവനാണ് സജിത്തെന്നും എൻജിഒ സംഘ് വ്യക്തമാക്കി.
Discussion about this post