കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സിപിഎമ്മിന്റെ പാർലമെന്റംഗങ്ങൾ ഭാഷാപരമായി നേരിടുന്ന പ്രശ്നം പരിഹരിക്കാനുമാണ് കൈരളി എം.ഡി ആയിരുന്ന ജോൺ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് വിട്ടതെന്നൊരു സംസാരം അക്കാലത്ത് നിറഞ്ഞ് നിന്നിരുന്നു. പാർട്ടിയിൽ തന്നെ ചിലർക്ക് ചെറിയ മുറുമുറുപ്പുമുണ്ടായിരുന്നു അക്കാര്യത്തിൽ. പിണറായി വിജയനെ പേടിച്ച് ആരും ഒന്നും മിണ്ടിയില്ലെന്ന് മാത്രം.
പണ്ട് റിപ്പോർട്ടറായിരുന്നതിനു ശേഷം സാമാജികനായി പാർലമെന്റിൽ എത്തിയപ്പോഴാണ് അതിഭയങ്കരമായ മാറ്റം വന്നത് ബ്രിട്ടാസ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്രിട്ടാസ് നടത്തിയ പരാമർശങ്ങൾ, ഇപ്പോൾ അവാർഡ് കിട്ടിയതോടെ വൈറലാവുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിലേക്ക് വരുന്നത് തന്നെ ഒരു ചക്രവർത്തി വരുന്നതു പോലെയാണെന്നാണ് ബ്രിട്ടാസ് പറയുന്നത്. പ്രധാനമന്ത്രിക്ക് നേരെ കൈ ചൂണ്ടി സംസാരിക്കാൻ ആർക്കും ധൈര്യമില്ല. പ്രതിപക്ഷ അംഗങ്ങൾക്ക് പേടിയാണ്. എന്തിനേറെ ഭരണ പക്ഷ അംഗങ്ങൾ പോലും പേടിക്കുകയാണെന്നാണ് ബ്രിട്ടാസിന്റെ പക്ഷം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു നോട്ടം കൊണ്ടു തന്നെ പാർലമെന്റംഗങ്ങൾ പേടിക്കുമെന്നും ബ്രിട്ടാസ് പറയുന്നുണ്ട്.
രാജീവ് ഗാന്ധിയൊക്കെ വരുമ്പോൾ പാർലമെന്റിൽ കൂക്കിവിളിയോടെ സ്വീകരിച്ചിട്ടുണ്ടെന്ന് ബ്രിട്ടാസ് പറയുന്നുണ്ട്. അത് പക്ഷേ കുംഭകോണങ്ങളുടെ കാലത്തായിരുന്നെന്നും സൂചിപ്പിക്കുന്നുണ്ട്. കുംഭകോണങ്ങളോ അഴിമതിയോ ഒന്നുമില്ലാത്തതിനാലായിരിക്കും മോദിക്കെതിരെ കൂക്കുവിളി ഉണ്ടാകാത്തതെന്ന് ബ്രിട്ടാസ് പരോക്ഷമായി ധ്വനിപ്പിക്കുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്തായാലും പ്രൈം പോയിന്റ് ഫൗണ്ടേഷൻ എന്ന സംഘടന നൽകുന്ന സൻസദ് രത്ന പുരസ്കാരം കിട്ടിയതിനു ശേഷം ജോൺ ബ്രിട്ടാസ് എയറിലാണ്. ബ്രിട്ടാസിന്റെ പുരസ്കാരത്തെ വാനോളം പുകഴ്ത്തി എടുത്തുപൊക്കിയിരിക്കുകയാണ് ഇടതുപക്ഷം. അത് ഇന്ത്യൻ പാർലമെന്റ് നൽകുന്ന അവാർഡൊന്നുമല്ലെന്നും സ്വകാര്യ സ്ഥാപനത്തിന്റേതാണെന്നും ചൂണ്ടിക്കാട്ടി എതിർപക്ഷവും അദ്ദേഹത്തെ എയറിലാക്കുന്നുണ്ട്. നേരത്തെ ബ്രിട്ടാസിന്റെ അറിവില്ലായ്മക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ മറുപടിയും അദ്ദേഹത്തെ എയറിലാക്കിയിരുന്നു. അതിനിടയിലാണ് മോദി വരുമ്പോൾ ഒരു ചക്രവർത്തിയെപ്പോലെയാണെന്ന് പറഞ്ഞ വീഡിയോ വൈറലാകുന്നത്.
Discussion about this post